പി.ഒ.സിയിൽ ക്രിസ്‌മസ് സംഗമം

Friday 23 December 2022 1:22 AM IST

കൊച്ചി: പുൽക്കൂടിന്റെ നന്മ ഹൃദയത്തിലേറ്റുന്നതാവണം ക്രിസ്മസ് അനുഭവമെന്ന് കെ.സി.ബി.സി വൈസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു. പി.ഒ.സിയിൽ കെ.സി.ബി.സി ഒരുക്കിയ ക്രിസ്മസ് സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

രക്ഷകനു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ട സത്രങ്ങളല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന പുൽക്കൂടുകളാവുകയാണ് ക്രിസ്മസിന്റെ ഹൃദ്യത. ബഫർ സോണിന്റെയും വികസന പദ്ധതികളുടെയും പേരിൽ കൂടിയിറക്കപ്പെടുന്നവരുടെ ആകുലത തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകരായ ഇഗ്‌നേഷ്യസ് ഗോൺസാൽവസ്, പി.പി. ജെയിംസ്, കെ.സി.ബി.സി കമ്മിഷൻ സെക്രട്ടറിമാരായ ഫാ. മൈക്കിൾ പുളിക്കൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ പ്രസംഗിച്ചു.