കുപ്പായം പോലെ മുന്നണി മാറില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

Friday 23 December 2022 12:00 AM IST

മലപ്പുറം: കുപ്പായം പോലെ മുന്നണി മാറിയ ചരിത്രം മുസ്‌ലിം ലീഗിനില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് യു.ഡി.എഫിലെ അവിഭാജ്യ ഘടകമാണ്. ഓരോ വിഷയങ്ങളിലും മെറിറ്റിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുമ്പോൾ അതെല്ലാം ധാരണയാണെന്ന വ്യാഖ്യാനം ശരിയല്ല. മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. ലീഗിനെ അനുകൂലിച്ചും എതിർത്തും നിലപാടെടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറിയും വിഷയാടിസ്ഥാനത്തിലാണ് അക്കാര്യം പറഞ്ഞത്. പിണറായി സർക്കാരിനെതിരെ നന്നായി സമരം ചെയ്തത് ലീഗാണ്. വഖഫ് സമരത്തിൽ ജനലക്ഷങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ചു.

ഗവർണർ വിഷയത്തിൽ ലീഗ് സ്വീകരിച്ചത് കൃത്യമായ നിലപാടാണ്. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ. അതിൽ മുന്നണി വിഷയമല്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും പുകഴ്‌ത്തിയ പി.വി. അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അദ്ധ്യായമാണ്. സാദിഖലി തങ്ങളുമായി വഹാബ് സംസാരിച്ചെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.