പൊലീസിലെ ക്രിമിനലുകളെ പുറത്താക്കും :മുഖ്യമന്ത്രി

Friday 23 December 2022 12:04 AM IST

കൊല്ലം: പൊലീസ് സേനയിൽ ക്രിമിനൽ, സാമൂഹ്യവിരുദ്ധ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാരെ പുറത്താക്കുന്നതുൾപ്പെടെയുള്ള കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നു. അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ലോക്കപ്പ് മരണം ഉണ്ടായാൽ സി.ബി.ഐയെ ഏൽപ്പിക്കും.

രാജ്യത്തിന് മാതൃകയായ ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം. ചില കുറ്റവാളികൾ രക്ഷപെടുന്ന അവസ്ഥ നിലവിലുണ്ട്‌. കേരളത്തിന്‌ പുറത്തുള്ളവരെ അവിടെയെത്തി പിടികൂടുന്ന നടപടി വേഗത്തിലാക്കും.കൊല്ലും കൊലയും നടത്താൻ അധികാരമുള്ള നാടുവാഴികളുടെ പിന്തുണ ഒരു കാലത്ത് പൊലീസിനുണ്ടായിരുന്നു. ഇന്ന്‌ കാലം മാറി. ഉന്നത ബിരുദധാരികൾ പൊലീസ്‌ സേനയുടെ ഭാഗമാണിപ്പോൾ. പുതിയ പരിഷ്‌കാരങ്ങൾ സേനയുടെ മുഖം മാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു.

അസോ. സംസ്ഥാന പ്രസിഡന്റായി കെ.കെ.ജോസിനെയും ജനറൽ സെക്രട്ടറിയായ കെ.രാജനെയും തിര‍ഞ്ഞെടുത്തു. പി.ജി.വേണു​ഗോപാൽ (ട്രഷറർ), എ.കെ.വേണു​ഗോപാൽ (രക്ഷാധികാരി), ജെ.ഉദയകുമാർ, ടി.അനിൽതമ്പി, ബാലകൃഷ്ണൻ, ബാബുജോർജ്, കെ.ഭാസ്കരൻ, കൃഷ്ണകുമാർ, പി.ടി.മുരളീധരൻ (വൈസ് പ്രസിഡന്റ്), മോഹൻദാസ്, പി.സി.രാജൻ, ശ്രീകുമാർ, ബേബി ജോസഫ്, ​ഗോവിന്ദൻ, രത്നാകരൻ, കെ.വി.കൃഷ്ണൻ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.