പ്രൊഫ. പ്രദീപ് തലാപ്പിലിന് 4 കോടിയുടെ വിൻഫ്യൂച്ചർ പുരസ്കാരം

Friday 23 December 2022 3:47 AM IST
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ ചടങ്ങിൽ പുരസ്‌കാര സമിതി അദ്ധ്യക്ഷൻ പ്രൊഫ. റിച്ചാർഡ് ഫ്രൻഡ് പ്രൊഫ.പ്രദീപിന് പുരസ്‌കാരം സമ്മാനിക്കുന്നു.

എടപ്പാൾ: ജലഗവേഷകനും ചെന്നൈ ഐ.ഐ.ടി അദ്ധ്യാപകനുമായ മലപ്പുറം എടപ്പാൾ സ്വദേശി പ്രൊഫ. പ്രദീപ് തലാപ്പിലിന് നാല് കോടിയുടെ വിൻഫ്യൂച്ചർ അന്താരാഷ്ട്ര പുരസ്‌കാരം. ശാസ്ത്ര സാങ്കേതിക, വ്യാവസായിക മേഖലകളിലെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകുന്ന വികസ്വര രാജ്യങ്ങളിലെ ശാസ്ത്രപ്രതിഭകൾക്ക് നൽകുന്ന പുരസ്‌കാരമാണിത്. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽ നടന്ന ചടങ്ങിൽ പുരസ്‌കാര സമിതി അദ്ധ്യക്ഷൻ പ്രൊഫ. റിച്ചാർഡ് ഫ്രൻഡ് പുരസ്‌കാരം സമ്മാനിച്ചു.

ആഴ്സനിക് വിമുക്തമായ കുടിവെള്ളത്തിന് ഉതകുന്ന പദാർത്ഥങ്ങൾ നാനോ സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയ 59കാരനായ പ്രദീപിന് നേരത്തെ പദ്മശ്രീ ലഭിച്ചിരുന്നു. കുടിവെള്ളത്തിലെ ആഴ്സനിക്, അയൺ അടക്കമുള്ളവയുടെ സാന്നിദ്ധ്യം ഉത്തരേന്ത്യക്കാർക്കിടയിൽ മാരകമായ രോഗങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. ഇവർക്ക് കുറഞ്ഞ ചെലവിൽ ശുദ്ധജലം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായാണ് ഭൂഗർഭജലത്തിലെ അപകടകരമായ മൂലകങ്ങളെ വൈദ്യുതിയുടെ ആവശ്യം പോലുമില്ലാതെ വേർതിരിക്കുന്ന സാങ്കേതിക വിദ്യ പ്രദീപ് വികസിപ്പിച്ചത്. പരിസര മലിനീകരണമോ മറ്റു ദോഷവശങ്ങളോ ഇല്ലെന്നതുകൂടി പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. നേരത്തെ സൗദി അറേബ്യയുടെ അന്താരാഷ്ട്ര ജലപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

2010ൽ കേരള സാഹിത്യ അക്കാഡമിയുടെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ 'കുഞ്ഞുകണങ്ങൾക്ക് വസന്തം' ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തിരൂർ കാവിലക്കാട് സ്വദേശി ശുഭയാണ് ഭാര്യ. മകൻ രഘു പ്രദീപ് കാലിഫോർണിയ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയാണ്. മകൾ ലയ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിനി.