ജനവാസമേഖലകളെല്ലാം ഭൂപടത്തിൽ വനപ്രദേശം; ഏയ്ഞ്ചൽവാലിയിലും പമ്പാവാലിയിലും വൻ പ്രതിഷേധവുമായി ആയിരങ്ങൾ, വനംവകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞു

Friday 23 December 2022 10:39 AM IST

കോട്ടയം: ബഫർ സോൺ വിഷയത്തിൽ ജനരോഷം തണുപ്പിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഭൂപടത്തിന്റെ പേരിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ വ്യാപക പ്രതിഷേധം. എരുമേലിയ്‌ക്ക് സമീപം പമ്പാവാലി, എയ്‌ഞ്ചൽ വാലി എന്നിവിടങ്ങളിലെ ജനവാസ മേഖലയും മാപ്പിൽ വനഭൂമിയായതോടെയാണ് ആയിരക്കണക്കിന് ജനങ്ങൾ പ്രദേശത്ത് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ പുതിയ ഭൂപടത്തിൽ വനഭൂമിയാണ്.

അയ്യായിരത്തിലധികം പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. വനംവകുപ്പിന്റെ ബോർഡുകൾ പിഴുതെറിഞ്ഞ് പ്രതിഷേധിച്ച നാട്ടുകാർ വനം റെയ്‌ഞ്ച് ഓഫീസിന് മുന്നിൽ ഇളക്കിയ ബോർ‌ഡുമായി എത്തിയാണ് പ്രതിഷേധിച്ചത്.

വനത്തോട് ചേർന്ന് ബഫർ സോൺ രേഖപ്പെടുത്തിയതിന്റെ ആശങ്ക ജനങ്ങൾക്കുള‌ളതിനാലാണ് സർക്കാർ ഭൂപടം പുറത്തുവിട്ടത്. എന്നാൽ ഏയ്‌ഞ്ചൽ വാലിയിലെ ജനവാസ മേഖല ബഫർ സോൺ എന്നല്ല വനഭൂമി തന്നെയാണെന്നാണ് മാപ്പിലുള‌ളത്. എന്നാലിത് രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശവാസികൾ ഇക്കാര്യത്തിൽ മന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement