ഉയർന്ന നിക്ഷേപ പലിശ ആഗ്രഹിക്കുന്നവർക്കും യുവാക്കൾക്കും കെ എസ് എഫ് ഇയുടെ സമ്മാനം, പ്രവാസികൾക്കും വലിയ നേട്ടം

Friday 23 December 2022 12:05 PM IST

തൃശൂർ: നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭ്യമാക്കുന്ന 'നേട്ടം" നിക്ഷേപപദ്ധതിയുമായി കെ.എസ്.എഫ്.ഇ. 400 ദിവസത്തെ നിക്ഷേപത്തിന് 8 ശതമാനമാണ് പലിശനിരക്ക്. കെ.എസ്.എഫ്.ഇ ചിട്ടിവിളിച്ചെടുത്ത സംഖ്യയിൽ നിന്ന് ഭാവി ബാദ്ധ്യതയ്ക്കുള്ള പണം ജാമ്യമായി നിക്ഷേപിക്കുന്നതിനും എട്ട് ശതമാനം പലിശനിരക്ക് ലഭിക്കും.

നിക്ഷേപങ്ങളുടെ മാസപ്പലിശയെ ആശ്രയിക്കുന്നവർക്കും യുവാക്കൾക്കും നാട്ടിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്കും വലിയനേട്ടമാണ് പദ്ധതിയെന്ന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്‌ടർ ഡോ.എസ്.കെ.സനിൽ പറഞ്ഞു. ഡിസംബർ 15ന് തുടങ്ങിയ പദ്ധതിയിൽ ഇതിനകം 250 കോടി രൂപയോളം സമാഹരിച്ചു. ഡിസംബർ 24ന് കെ.എസ്.എഫ്.ഇ ശാഖകൾക്ക് പ്രവൃത്തിദിനമായിരിക്കും.