പാതയോരത്തെ കൊടിതോരണങ്ങൾ: പേടിച്ച് പിൻമാറില്ലെന്ന് ഹൈക്കോടതി

Saturday 24 December 2022 12:12 AM IST

കൊച്ചി: പാതയോരങ്ങളിൽ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും വയ്ക്കരുതെന്ന് പറയുമ്പോൾ കോടതിയെ ആക്രമിക്കുന്ന നിലപാടാണ് പലഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും, അങ്ങനെ പേടിപ്പിച്ചാലൊന്നും പിൻമാറില്ലെന്ന് അവർ അറിയുന്നില്ലെന്നും ഹൈക്കോടതി. അനധികൃത കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരായ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതു പറഞ്ഞത്.

കോടതിക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയോടും താത്പര്യമില്ല. എന്നിട്ടും കോടതിയുടെ വാക്കുകൾക്ക് എങ്ങനെയാണ് നിറം നൽകുന്നത് ? ഒരു നിറത്തേയും ഭയമില്ല. രണ്ടു മൂന്നു വർഷമായി ഇതിനു പിന്നാലെയുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങൾക്ക് ആളുകളുടെ ജീവനേക്കാൾ വിലയുണ്ടോ? എന്തിനാണ് ഇങ്ങനെ ബോർഡു വയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. പരസ്യത്തിനാണെങ്കിൽ മൊബൈൽ ഫോണുകൾ വഴിയായിക്കൂടേ? ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ ഇതിൽ പ്രതികരിക്കുന്നുണ്ടോ? ഇതൊക്കെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്. അവരാണെങ്കിൽ എ.സി കാറുകളിലാണ് സഞ്ചരിക്കുന്നത്..

സ്കൂട്ടർ യാത്രക്കാരിയായ അഭിഭാഷകയുടെ കഴുത്തിൽ തോരണങ്ങൾ കുരുങ്ങി അപകടമുണ്ടായ സംഭവത്തിൽ തൃശൂർ നഗരസഭാ സെക്രട്ടറി രാകേഷ്‌കുമാർ ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരായി. അനധികൃത ബോർഡുകളും തോരണങ്ങളും മാറ്റുന്നതിൽ വീഴ്ച വരുത്തിയ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടതാണെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ അറിയിക്കാനുണ്ടെന്ന് സെക്രട്ടറിയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് സത്യവാങ്മൂലം നൽകാൻ നിർദേശിച്ച് ഹർജി ജനുവരി 12ന് പരിഗണിക്കാൻ മാറ്റി. അന്നും നഗരസഭാ സെക്രട്ടറി ഹാജരാകണം.

അനധികൃതമായി ബാനറുകളും ബോർഡുകളും സ്ഥാപിക്കുന്നവർ രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ളവരാണെന്നും ,നടപടിയെടുക്കാൻ മിക്ക സെക്രട്ടറിമാർക്കും ഭയമാണെന്നും നഗരസഭാ സെക്രട്ടറിയുടെ അഭിഭാഷകൻ വ്യക്തമാക്കി. കുടുംബമൊക്കെയുള്ളതല്ലേ, തൃശൂർ നഗരസഭാ സെക്രട്ടറിക്കും ഭയമുണ്ടാകുമെന്ന് കോടതിയും പറഞ്ഞു. എന്നാൽ, കോടതി നിർദേശ പ്രകാരം നടപടിക്ക് പ്രാദേശിക സമിതികൾക്ക് രൂപം നൽകിയതിനാൽ ഇത്തരത്തിൽ ഭയക്കേണ്ടതില്ലെന്ന് സർക്കാർ വിശദീകരിച്ചു.

തൃശൂർ നഗരസഭാ

സെക്രട്ടറിക്ക് വിമർശനം

അപകടത്തിനിരയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് നഗരസഭാ സെക്രട്ടറിയോട് ഹൈക്കോടതി ചോദിച്ചു. നഗരത്തിൽ എന്താണ് നടക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ലേ? ആരെപ്പേടിച്ചാണ് നിങ്ങൾ പ്രവർത്തിക്കാതിരിക്കുന്നത്? നിങ്ങൾ രാഷ്ട്രീയക്കാർക്കു പിന്നാലേ ഓടുന്നതെന്തിനാണ്? തോരണങ്ങൾ വീണുകിടന്നാൽ അപകടമുണ്ടാകുമെന്ന് അറിയാൻ റോക്കറ്റ് സയൻസ് പഠിക്കണോ? ഒരു സ്കൂൾ വിദ്യാർത്ഥിയോട് ചോദിച്ചാൽ പറഞ്ഞുതരുമായിരുന്നില്ലേ ? - ഹൈക്കോടതി ചോദിച്ചു.

Advertisement
Advertisement