കൊവിഡ്: മോണിറ്ററിംഗ് സെൽ വീണ്ടും

Saturday 24 December 2022 12:00 AM IST


തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പ്രത്യേക ശ്രദ്ധവേണമെന്നും നിർദ്ദേശിച്ചു. ആൾക്കൂട്ടത്തിൽ മാസ്ക് ഉപയോഗിക്കണം. വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും.

വിദേശത്ത് നിന്നും വരുന്ന രണ്ട് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കും. സംസ്ഥാനത്ത് രണ്ടാഴ്ചയിലെ കണക്കിൽ പ്രതിദിന കൊവിഡ് കേസുകൾ 100ൽ താഴെയാണ്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്താൻ മന്ത്രി നിർദ്ദേശം നൽകി. ആശുപത്രികളിലെ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും നിർദ്ദേശിച്ചു.

Advertisement
Advertisement