റവന്യൂവകുപ്പ് അടുത്തവർഷം സമ്പൂർണ ഡിജിറ്റലൈസ്ഡാകും: മന്ത്രി കെ.രാജൻ

Saturday 24 December 2022 12:42 AM IST
rajan

കോഴിക്കോട്: റവന്യൂ വകുപ്പിന്റെ മുഴുവൻ ഓഫീസുകളെയും കൂട്ടിച്ചേർത്ത് അടുത്തവർഷത്തോടെ സമ്പൂർണ ഡിജിറ്റലൈസേഷൻ വകുപ്പായി മാറുമെന്ന് റവന്യൂഭവന നിർമ്മാണ മന്ത്രി കെ.രാജൻ. എസ്.കെ പൊറ്റക്കാട് ഹാളിൽ നടന്ന കോഴിക്കോട് മേഖലാ റവന്യൂ വകുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജിൽ നൽകുന്ന ഒരു പരാതി അതിവേഗം സെക്രട്ടറിയേറ്റിലെത്തും വിധം സമ്പൂർണമായ ഡിജിറ്റലൈസേഷനാണ് ലക്ഷ്യം വെയ്ക്കുന്നത്. സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആരംഭിച്ച് അതിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് അടുത്ത വർഷത്തോടെ ഇ -സാക്ഷരതയിലേക്ക് മാറും. സാധാരണക്കാർക്ക് സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനായി ഓൺലൈൻ അപേക്ഷ നൽകാൻ ഒരു വീട്ടിൽ ഒരാളെയെങ്കിലും സാങ്കേതിക സാക്ഷരത പഠിപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തും. ഉപഭോക്തൃ സൗഹൃദ ആപ്പുകളും ഇതിനായി ഉപയോഗിക്കും. നാലുവർഷക്കാലം കൊണ്ട് കേരളത്തിലെ മുഴുവൻ വില്ലേജുകളും സമ്പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ നടപടിക്രമങ്ങളും വേഗത്തിലാക്കും.

ഇന്ത്യയിൽ ആദ്യമായി യുണീക്ക് തണ്ടപ്പേർ നൽകുന്ന സംസ്ഥാനമായി കേരളം മാറും. തണ്ടപ്പേരും ആധാറും കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്. കേരളത്തെ നാലു മേഖലകളാക്കി തിരിച്ച് താലൂക്ക് ലാൻഡ് ബോർഡുകളുടെ ചുമതല ഡെപ്യൂട്ടി കലക്ടർമാരെ ഏൽപ്പിക്കുന്നതും 1977 ന് മുമ്പ് കുടിയേറിയവർക്ക് വനഭൂമിയുടെ ലഭ്യമായ അവകാശം വെച്ച് നൽകുവാനുള്ള ആലോചനയുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിന്റെ മേഖലാ യോഗത്തിൽ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളും പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങളും, നികുതി അടയ്ക്കാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ, ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വയനാട് ജില്ലയിലെ ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ദേശീയപാത ഉൾപ്പടെ ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. ലാൻഡ് റവന്യൂ കമ്മിഷണർ, ജോയന്റ് ലാൻൻഡ് കമ്മിഷണർ , കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement