അക്ഷയ് പോസ്റ്റിട്ടു, കുളം വൃത്തിയായി, കേരളകൗമുദി വാർത്ത നൽകി, പരീക്ഷയ്ക്ക് ചോദ്യവുമായി

Saturday 24 December 2022 12:25 AM IST

അടൂർ : ആഫ്രിക്കൻ പായൽ നിറഞ്ഞ് ഉപയോഗശൂന്യമായ കുളത്തിന്റെ വീണ്ടെടുപ്പിനായി ആറാംക്ളാസുകാരൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് നാട്ടുകാർ കുളം വൃത്തിയാക്കിയെന്ന 'കേരളകൗമുദി ' വാർത്ത വ്യാഴാഴ്ച നടന്ന ആറാംക്ളാസിലെ ബേസിക് പരീക്ഷയ്ക്ക് ചോദ്യമായി. ചോദ്യപേപ്പറിൽ പത്രവാർത്ത ശ്രദ്ധിക്കൂ എന്ന തലക്കെട്ടോടുകൂടിയായാണ് മലയാളത്തിലും ഇംഗ്ളീഷിലും ചോദ്യം വന്നത്. 'ഉപയോഗശൂന്യമായ കുളം വൃത്തിയാക്കി വിദ്യാർത്ഥി നാടിന് മാതൃകയായി' എന്ന വാചകത്തിന് അനുബന്ധമായി രണ്ട് ചോദ്യങ്ങൾ നൽകിയിരുന്നു. കുളം എന്ന ആവാസവ്യവസ്ഥയിലെ ഘടകങ്ങളും അതിലെ ജീവിയ, അജീവീയ ഘടകങ്ങളും ചോദ്യങ്ങളായി. കുളം എന്ന ആവാസവ്യവസ്ഥയിൽ കാണുന്ന ഏതാനും ജീവികളെ ഉൾപ്പെടുത്തിയുള്ള ആഹാരശൃംഖലയും ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കടമ്പനാട് കെ.ആർ.കെ.പി.എം.എസ് സ്കൂളിലെ ആറാംക്ളാസ് വിദ്യാർത്ഥി അക്ഷയ് കുമാർ നവമാദ്ധ്യമങ്ങളിൽ ചെയ്ത പോസ്റ്റാണ് ഏറത്ത് പഞ്ചായത്ത് അധികാരികളുടെയും നാട്ടുകാരുടേയും ശ്രദ്ധയിൽപെട്ടത്. കുളത്തിൽ പായൽ നിറഞ്ഞുകിടക്കുന്നതിനാൽ സ്വാഭാവികമായ സൂര്യപ്രകാശം തടയപ്പെടുന്നതിനാൽ സൂഷ്മജലജീവികളുടെ നാശത്തിനും മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിനും അതിന്റെ സ്വാഭാവിക പ്രജനനം ഇല്ലാതാക്കുന്നതിനും കാരണമാകുന്നുവെന്നതായിരുന്നു പോസ്റ്റ്.

ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങൾ ഇതിന്റെ കെടുതി അനുഭവിച്ചുവരികയാണെന്ന് ഉൾപ്പെടെ വിശദമായ വിവരങ്ങളാണ് ഫേസ് ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സി.പി.എം തുവയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് രാജും സഹപ്രവർത്തകരും ചേർന്ന് കുളം വൃത്തിയാക്കുകയായിരുന്നു. തുവയൂർ വടക്ക് ഐക്യമന്ദിരത്തിൽ സന്തോഷ് കുമാർ - അശ്വതി ദമ്പതികളുടെ മകനാണ് അക്ഷയ് കുമാർ. ഫേസ് ബുക്കിലൂടെ മുന്നോട്ടുവച്ച ആശയം ചോദ്യപേപ്പറിൽ കടന്നുകൂടിയ സന്തോഷത്തിലാണ് അക്ഷയ് കുമാറും കുടുംബാംഗങ്ങളും.