തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃക: മന്ത്രി ശിവൻകുട്ടി

Saturday 24 December 2022 1:24 AM IST

ഹൈദരാബാദ്: തൊഴിൽ- തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സി.ഐ.ടി.യു തെലങ്കാന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിദ്ദിപ്പെട്ടയിൽ (സ. മല്ലു സ്വരാജ്യം നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 59 മേഖലകളിൽ മിനിമം കൂലി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. ന്യായമായ കൂലി എല്ലാ തൊഴിലാളികൾക്കും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഇക്കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാണ് കേരളം.

പൊതുമേഖലകളെ സ്വകാര്യവത്കരിക്കലാണ് കേന്ദ്ര നയമെങ്കിൽ അവയെ പൊതുമേഖലയിൽ തന്നെ നിലനിറുത്തി സംരക്ഷിക്കുക എന്നതാണ് കേരളത്തിന്റെ നയം. തൊഴിലാളി, തൊഴിലുടമ സൗഹൃദം ശക്തമായ സംസ്ഥാനം കൂടിയാണ്. തൊഴിൽ പ്രശ്‌നങ്ങളിൽ സത്വരമായ ഇടപെടൽ ഉറപ്പാക്കാൻ തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഘടനകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി വ്യവസായ ബന്ധ സമിതി പ്രവർത്തിക്കുന്നുണ്ട്.


എല്ലാവിഭാഗം ജനങ്ങൾക്കും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന കേരള സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ ഇന്ത്യയിലെ ഏക തൊഴിൽ മന്ത്രിയെന്ന നിലയിലാണ് ശിവൻകുട്ടിയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.പ്രസംഗത്തിന്റെ തെലുങ്ക് പരിഭാഷ സന്തോഷ് നടത്തി.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ചുക്കാ രാമുലു അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement