അൾത്താരാഭിമുഖ-ജനാഭിമുഖ കുർബാന ഒരേസമയം

Saturday 24 December 2022 1:58 AM IST

 എറണാകുളം ബസലിക്കയിൽ ഇരുപക്ഷവും തടിച്ചുകൂടി, സംഘർഷം ഒഴിവായി

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ ഒരേസമയം പരിഷ്‌കരിച്ച കുർബാനയും ജനാഭിമുഖ കുർബാനയും അർപ്പിച്ചു. ജനാഭിമുഖ കുർബാന നടത്തുന്നതിനിടെ ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലി അൾത്താരയ്ക്ക് അഭിമുഖമായി കുർബാന അർപ്പിക്കുകയായിരുന്നു. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ബസലിക്കയിൽ എത്തിയെങ്കിലും പ്രതിഷേധിക്കാൻ പൊലീസ് അനുവദിച്ചില്ല.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ ഹൈക്കോടതി ജംഗ്ഷനിലെ ബിഷപ്പ് ഹൗസിന് സമീപമാണ് ബസലിക്ക. ജനാഭിമുഖ കുർബാന അർപ്പിച്ചിരുന്ന ഇവിടെ ഇന്നലെ വൈകിട്ട് ആറരയോടെ ഫാ. ജോസ് ചോലിക്കര, ഫാ. സണ്ണി കളപ്പുരയ്ക്കൽ, ഫാ. ജോസഫ് കുരീക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ ജനാഭിമുഖ കുർബാന ആരംഭിച്ചു. ഏതാനും മിനിറ്റുകൾക്കകം ഫാ. ആന്റണി പൂതവേലി പൊലീസ് സംരക്ഷണത്തിൽ ബസലിക്കയിൽ എത്തുകയായിരുന്നു. പരിഷ്‌കരിച്ച കുർബാനയെ അനുകൂലിക്കുന്ന അദ്ദേഹം അൾത്താരയ്ക്ക് അഭിമുഖമായി ജനാഭിമുഖ കുർബാന അർപ്പിക്കുന്നവർക്ക് മുമ്പിലെത്തി നിലയുറപ്പിച്ചു. കുർബാനയുടെ അവസാനംവരെ തുടർന്ന അദ്ദേഹം പരിഷ്കരിച്ച കുർബാനപ്രകാരം നിശ്ചിതസമയങ്ങളിൽ അൾത്താരയ്ക്ക് അഭിമുഖമായും എതിരായും നിലയുറപ്പിച്ചു.

പരിഷ്‌കരിച്ച കുർബാന ജനാഭിമുഖമായും തുടർന്ന് അൾത്താര അഭിമുഖമായുമാണ് അർപ്പിക്കുന്നത്. കുർബാനയ്ക്കുശേഷം ഇരുവിഭാഗവും രാത്രി വൈകിയും ബസലിക്കയിൽ തുടർന്നു.

ഫാ. ആന്റണി പൂതവേലിക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവുപ്രകാരം പൊലീസ് സംഘം പള്ളിയിലും പരിസരത്തും കാവൽ തുടരുകയാണ്.

Advertisement
Advertisement