നെടുമ്പാശേരിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ ബി.സി.സി.ഐ

Saturday 24 December 2022 2:31 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ലോകപ്രശസ്തിയിലേക്ക് ഉയർന്ന നെടുമ്പാശേരിയിൽ ലോകോത്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി ബി.സി.സി.ഐ ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചേക്കും. ഇതിന് മുന്നോടിയായി നെടുമ്പാശേരിയിൽ 60 ഏക്കറോളമുള്ള നിർദിഷ്ടസ്ഥലം ബി.സി.സി.ഐ സെക്രട്ടറി ജെയ്‌ഷായും സംഘവും സന്ദർശിച്ചു.

കൊച്ചിയിൽ വല്ലാർപാടം കണ്ടെയ‌്‌നർ റോഡിനടുത്തുള്ള മറ്റൊരു സ്ഥലവും പരിഗണനയിലുണ്ടെങ്കിലും വിമാനത്താവളത്തിന്റെ സാമീപ്യവും ദേശീയപാതയുമെല്ലാം പരിഗണിച്ചാണ് നെടുമ്പാശേരിക്ക് മുൻഗണന നൽകുന്നത്. സ്റ്റേഡിയത്തിന്റെ ഉയരവും ഫ്ളഡ്ലൈറ്റുകളുമെല്ലാം വിമാനസർവീസിനെ ബാധിക്കുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം. ബി.സി.സി.ഐയുടെ സാങ്കേതികവിഭാഗം സ്ഥലം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.

കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്രസ്റ്റേഡിയം കേരള ബ്ളാസ്റ്റേഴ്സ് സ്ഥിരം പരിശീലനവേദിയാക്കിയ സാഹചര്യത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യം ഉന്നയിച്ചത്.

ഇടക്കൊച്ചിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ നേരത്തെ നടത്തിയ നീക്കം വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ജി.സി.ഡി.എയെ ഇക്കുറി നോഡൽ ഏജൻസിയാക്കിയത്.

Advertisement
Advertisement