സി.എസ്.ബി ബാങ്ക് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
കൊച്ചി: സി.എസ്.ബി ബാങ്ക് ആദ്യത്തെ കൺസ്യൂമർ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. മാസ്‌റ്റർകാർഡ്, വൺകാർഡ് എന്നിവയുമായി സഹകരിച്ച് 'സി.എസ്.ബി ബാങ്ക് വൺ കാർഡാണ്" അവതരിപ്പിച്ചത്. സുഗമവും തടസ്സമില്ലാത്തതുമായ സേവനം ഉറപ്പാക്കാൻ മൊബൈൽആപ്പ് വഴി ലഭിക്കുന്ന ഡിജിറ്റൽ-ഫസ്‌റ്റ് ക്രെഡിറ്റ് കാർഡ് കൂടിയാണിത്.
മൂന്ന് മിനിട്ടിനുള്ളിൽ വിർച്വൽ ക്രെഡിറ്റ് കാർഡ് ലഭിക്കും. മെറ്റൽ കാർഡ് 3-5 ദിവസത്തിനകവും ഉപഭോക്താവിന്റെ പക്കലെത്തും. റിവാർഡുകൾ, വിശേഷാനുകൂല്യങ്ങൾ, ഉയർന്ന സുരക്ഷ എന്നീ മികവുകൾ കാർഡിനുണ്ട്. രാജ്യത്തെവിടെയും മർച്ചന്റ്‌സ് ഔട്ട്‌ലെറ്റുകളിൽ കാർഡ് ഉപയോഗിക്കാം. വിദേശത്ത് യാത്രചെയ്യുമ്പോൾ ഒരുശതമാനം ഫോറക്‌സ് നിരക്കും ആസ്വദിക്കാം.
സി.എസ്.ബി ബാങ്കിന്റെ ഉത്‌പന്നശേഖരത്തെ സി.എസ്.ബി ബാങ്ക് വൺ കാർഡ് ശക്തമാക്കുമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പ്രളയ് മൊണ്ഡൽ പറഞ്ഞു. എഫ്.പി.എൽ ടെക്‌നോളജീസാണ് കാർഡ് മാനേജ് ചെയ്യുന്നത്.