ടാങ്കറിൽ കുടിവെള്ള വിതരണം: രജിസ്ട്രേഷൻ വേണമെന്ന് ഹൈക്കോടതി

Sunday 25 December 2022 12:29 AM IST

കൊച്ചി: കുടിവെള്ളം ടാങ്കർ ലോറികളിൽ വിതരണം ചെയ്യാൻ കേരള ഭൂഗർഭജല നിയന്ത്രണ നിയമപ്രകാരം രജിസ്ട്രേഷൻ നിർബന്ധമാണെന്ന് ഹൈക്കോടതി. ജലവിതരണത്തിന് സർക്കാർ നൽകിയ അനുമതി പത്രം ഹാജരാക്കണമെന്നും അതുവരെ ജലവിതരണം നടത്തരുതെന്നും തൃക്കാക്കര നഗരസഭ നോട്ടീസ് നൽകിയതിനെതിരെ കുടിവെള്ള വിതരണക്കാർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ എടുത്തിട്ടുണ്ടെന്നും ഭൂഗർഭജല അതോറിട്ടിയുടെ അനുമതിക്കായി നൽകിയ അപേക്ഷകളിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.

ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തുന്നവർ നിയമപ്രകാരം ഭൂഗർഭജല ഉപഭോക്താവിന്റെ നിർവചനത്തിൽ വരുമെന്നും അവർക്ക് രജിസ്ട്രേഷൻ നിർബന്ധമാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഒരുമാസത്തിനകം ഭൂഗർഭജല അതോറിട്ടിക്ക് അപേക്ഷ നൽകി പൊതുതാത്പര്യമടക്കമുള്ള ഘടകങ്ങൾ വിലയിരുത്തി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

Advertisement
Advertisement