ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു

Sunday 25 December 2022 12:31 AM IST

കുമളി: കുമളിയ്ക്ക് സമീപം തമിഴ്‌നാട്ടിൽ ശബരിമലയിൽ നിന്ന് മടങ്ങിയ തീർത്ഥാടകരുടെ വാഹനം പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. പരിക്കേറ്റ കുട്ടിയടക്കമുള്ള രണ്ടുപേർ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളായ ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് അപകടത്തിൽപ്പെട്ട ടവേര കാറിലുണ്ടായിരുന്നത്. ആണ്ടിപ്പെട്ടി സ്വദേശി ശിവകുമാർ (45), എസ്.എസ് പുരം സ്വദേശി വിനോദ്കുമാർ (45), നാച്ചിയാർപുരം സ്വദേശി നാഗരാജ് (49), ചക്കംപെട്ടി സ്വദേശികളായ മുനിയാണ്ടി (50), ദേവദാസ് (50), ഭൂമിയാക്കൻപെട്ടി സ്വദേശി എം. കലൈശെൽവൻ (45), മറവൻപെട്ടി സ്വദേശി കന്നിച്ചാമി (55), പിച്ചാംപെട്ടി സ്വദേശിയും ഡ്രൈവറുമായ ഗോപാലകൃഷ്ണൻ (45) എന്നിവരാണ് മരിച്ചത്. ആണ്ടിപ്പെട്ടി സ്വദേശി രാജ, മകൻ ഏഴുവയസുള്ള ഹരിഹരൻ എന്നിവർക്കാണ് പരിക്കേറ്റത്. രാജയുടെ പരിക്ക് ഗുരുതരമാണ്. പാലത്തിൽ ഇടിച്ചപ്പോൾ ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെ കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിൽ കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഇരച്ചിൽപ്പാലത്തിന് സമീപമാണ് അപകടം നടന്നത്. വളവിൽ നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തിയിലിടിച്ചിട്ട് സമീപത്തെ മരത്തിൽ തട്ടി പാലത്തിൽ നിന്ന് 20 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്കാണ് കാർ വീണത്. പെൻസ്റ്റോക്ക് പൈപ്പുകൾ യോജിപ്പിച്ച് നിറുത്താനായി ഉപയോഗിച്ചിരുന്ന കൂറ്റൻ കോൺക്രീറ്റ് ബീമിന് സമീപം ഇടിച്ച് തലകീഴായി മറിഞ്ഞ് കിടന്നിരുന്ന വാഹനത്തിനുള്ളിൽ കുടുങ്ങി കിടന്നവരെ കുമളി പൊലീസും നാട്ടുകാരും തമിഴ്നാട്ടിലെ പൊലീസും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മൂന്നുപേരെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. ഇതിലൊരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴി മരിക്കുകയും ചെയ്തു. വാഹനത്തിന്റെ അമിത വേഗമാണ് അപടക കാരണമെന്നാണ് വിലയിരുത്തൽ. എട്ട് പേരുടെയും മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

Advertisement
Advertisement