കുർബാന പ്രശ്നംസംഘർഷ ഭൂമിയായി സെന്റ് മേരീസ് ബസിലിക്ക  തിരുപ്പിറവിക്ക് തലേന്നും തമ്മലിടി

Sunday 25 December 2022 12:32 AM IST

കൊച്ചി: പരിഷ്‌കരിച്ച കുർബാനയെ ചൊല്ലി ക്രിസ്മസ് തലേന്നും വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്രുമുട്ടി. സിറോ മലബാർസഭ ആസ്ഥാനമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഇന്നലെ സാക്ഷിയായത് 'വിശ്വാസികളുടെ' കൈയാങ്കളിക്ക്.

വെള്ളിയാഴ്ച രാത്രി ബസിലിക്കയിൽ നടന്ന കുർബാനയെ തുടർന്നുണ്ടായ വാഗ്വാദമാണ് ഇന്നലെ രാവിലെ കൈയാങ്കളിയിൽ കലാശിച്ചത്. സഭസ്യവർഷം ചൊരിഞ്ഞും പേർവിളിയുമായി മുന്നിൽ നിന്ന സോളമൻ, ജോമോൻ, ബിജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിലിക്ക വളപ്പിൽ മണിക്കൂറോളം തമ്പടിച്ച ഇരുവിഭാഗത്തേയും ഡി.സി.പിയുടെ സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചാണ് പൊലീസ് പിന്തിരിപ്പിച്ച് പള്ളിക്ക് പുറത്തെത്തിച്ചത്. എന്നിട്ടും പോർവിളിക്ക് ശമനമുണ്ടായില്ല.

വൈദികർ ജനാഭിമുഖ കുർബാനയും ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ പരിഷ്‌കരിച്ച കുർബാനയും അർപ്പിച്ചതോടെയാണ് തർക്കം സംഘർഷഭരിതമാക്കിയത്. വെള്ളയാഴ്ച രാത്രി പൊലീസ് കാവലിലായിരുന്നു കുർബാന. കുർബാനയർപ്പിച്ച് ഇരുവിഭാഗവും പള്ളിയിൽ നിലയുറപ്പിച്ചെങ്കിലും രാത്രി രണ്ടോടെ ഔദ്യോഗിക പക്ഷം മടങ്ങി. വിമതവിഭാഗം രാവിലെ വരെ കുർബാന തുടർന്നു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്തിരിയാൻ ആരും തയ്യാറായില്ല. സ്ത്രീകളടക്കം വിശ്വാസികൾ ഈസമയം പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരുന്നു.

രാവിലെ അൾത്താരയിലേക്ക് കയറിയ ഔദ്യോഗിക വിഭാഗത്തെ പിന്തുണയ്ക്കുന്ന വിശ്വാസികളിൽ ചിലർ വൈദികരെ നീക്കാൻ ശ്രമിച്ചതോടെ പ്രശ്നം വഷളായി. ഉന്തുംതള്ളുമായതോടെ അൾത്താരയിലെ മേശയും ബലിപീഠവും വരെ തള്ളിനീക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. പള്ളിക്കുള്ളിലെ വിളക്കും മറ്റും താഴെവീണുടഞ്ഞു. കുർബാന അർപ്പണം തുടർന്ന വിമതപക്ഷം അൾത്താരയിൽ തന്നെ നിലയുറപ്പിച്ചു. ഇരുവിഭാഗവും നേർക്കുനേർ നിന്നും വൈദികർക്ക് നേരെയും പോർവിളിച്ചു. പൊലീസ് ഇടപെട്ട് എല്ലാവരെയും പള്ളിക്ക് പുറത്തിറക്കിയെങ്കിലും ഇവിടെയും ചേരി തിരിഞ്ഞ് അസഭ്യവർഷം ചൊരിഞ്ഞു. കോമ്പൗണ്ടിൽ നിന്ന് ആദ്യം ഔദ്യോഗിപക്ഷം പുറത്തിറങ്ങണമെന്നായിരുന്നു വിമതവിഭാഗത്തിന്റെ ആവശ്യം. വിമതവിഭാഗം ആദ്യം പുറത്തിറങ്ങണമെന്ന് ഔദ്യോഗിക പക്ഷവും നിലപാട് കടുപ്പിച്ചു.

ഇതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഫാ. ആന്റണി പൂതവേലിയെ വിമതവിഭാഗം ഉന്തിത്തള്ളി പുറത്താക്കാൻ ശ്രമിച്ചു. ഹൈക്കോടതി പൊലീസ് സംരക്ഷണം ഉറപ്പാക്കിയ ഫാ. ആന്റണിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനാണ് ഒരാളെ പൊലീസ് പിടികൂടിയത്. പള്ളിക്ക് പുറത്ത് സ്ത്രീകളായ വിശ്വാസികളും സംഘടിച്ചിരുന്നു. ക്രിസ്മസ് തലേന്ന് പള്ളി പൂട്ടിയിടേണ്ട സാഹചര്യമുണ്ടാകരുതെന്നായിരുന്നു ഇവരുടെ ആവശ്യം. പള്ളി അടച്ചിടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നും എറണാകുളം അസി. പൊലീസ് കമ്മിഷണർ ഉറപ്പുനൽകി. ഡെപ്യൂട്ടി കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് 4.15ന് ചർച്ചയ്ക്ക് വിളിച്ചെങ്കിലും വിമതപക്ഷം വിട്ടു നിന്നു. ചർച്ചയുടെ പേരിൽ രാവിലെ 11മണിയോടെയാണ് ഇരുകൂട്ടരും സ്വമേധയാ പുറത്തേക്കിറങ്ങിയത്. സ്ഥലത്തെത്തിയ അപ്പോസ്തോലിക് അഡ്മിനിട്രേറ്റർ മാർ ആഡ്രൂസ് താഴത്തിനെ ചരമഗീതം പാടി വിമതഭാഗം സ്വീകരിച്ചത് മറ്റൊരു പ്രശ്നത്തിന് വഴിച്ചെങ്കിലും സംഘർഷത്തിൽ കലാശിക്കാത്തത് ആശ്വാസമായി.

Advertisement
Advertisement