ഗുരുകുലം ആത്മസ്വരൂപ അന്വേഷണം സഫലമാക്കുന്നു : സ്വാമി ത്യാഗീശ്വരൻ

Sunday 25 December 2022 12:45 AM IST

വർക്കല: എല്ലാവരും ആത്മസ്വരൂപികളാണെങ്കിലും അത് അറിയാത്ത കാലത്തോളം അന്വേഷണം തുടരുമെന്നും ആ അന്വേഷണം സഫലമാക്കുന്ന പഠനങ്ങളാണ് നാരായണ ഗുരുകുലത്തിൽ നടക്കുന്നതെന്നും സ്വാമി ത്യാഗീശ്വരൻ പറഞ്ഞു. രാവിലെ ഹോമത്തിനു ശേഷം പ്രവചനം നടത്തുകയായിരുന്നു സ്വാമി.

പൗരാണിക ഋഷിമാരുടെ മേധയിൽ പിറന്ന വേദമന്ത്റങ്ങൾക്ക് തുല്യമായി ശ്രീനാരായണഗുരു പകർന്നു തന്ന ഹോമമന്ത്റം ചൊല്ലിയാണ് ഗുരുകുലത്തിൽ ഹോമം നടത്തുന്നത്. മന്ത്റം അർത്ഥമറിഞ്ഞ് ചൊല്ലണം. ഹോമ മന്ത്റത്തിനു മുമ്പ് ചൊല്ലുന്ന ഗുരുസ്തോത്രത്തിൽ പരബ്രഹ്മ സ്വരൂപത്തിൽ ഉറച്ച ഗുരുവിനെയാണ് നമസ്‌കരിക്കുന്നത്. ആകെ പ്രപഞ്ചത്തിന്റെയും വിധാതാവായ ബ്രഹ്മദേവനെ ഗുരുതുല്യനായി കാണുന്നു. ലോകത്തിന്റെ നിലനിൽപിനെ സംരക്ഷിക്കുന്നവനും സംപുഷ്ടമാക്കുന്നവനുമായ വിഷ്ണുവായും ഗുരുവിനെ കാണുന്നു. സംഹാരകനായ മഹേശ്വരനായും ഗുരുവിനെ കാണുന്നു.

സൃഷ്ടി സ്ഥിതി ലയങ്ങളെ തിരകളായി കാണാമെങ്കിൽ അതിലെല്ലാം ആധാരമായിരിക്കുന്ന സത്യമായ ജലത്തിന്റെ സ്ഥാനത്താണ് പരബ്രഹ്മത്തെ കാണേണ്ടത്. ഉപനിഷത്ത് ശാന്തി പാഠത്തിൽ വക്താവായ ഗുരുവിനെയും ശ്രോതാവായ ശിഷ്യനെയും രക്ഷിക്കുന്ന പരമാത്മാവിനെയാണ് നമസ്‌കരിക്കുന്നത്. ഹോമ മന്ത്റത്തിന്റെ അർത്ഥം പരിശോധിച്ചാൽ അഗ്നിയിൽ സമിത്ത് ( ചമത )​ എന്ന നിലയിൽ പഞ്ചേന്ദ്രിയങ്ങളെയും മനസിനെയും ബുദ്ധിയെയും തന്നെത്തന്നെയും സമർപ്പിക്കുന്നു. ഇത് ഒരു യോഗാത്മക രഹസ്യവും അദ്വൈതത്തിന് ചേരുന്ന ചിന്തയുമാണെന്ന് സ്വാമി ത്യാഗീശ്വരൻ പറഞ്ഞു.

തുടർന്ന് നടന്ന സെമിനാറിൽ ഡോ.ബി.സുഗീത മോഡറേറ്ററായി. ബ്രഹ്മസൂത്രത്തിലെ ചതുസ് സൂത്രി ഒരവലോകനം എന്ന വിഷയം ശ്രീഷാ സന്തോഷും ഈശാവാസ്യോപനിഷത്ത് 9 മുതൽ 16 വരെ മന്ത്റങ്ങൾ ഒരു പഠനം എന്ന വിഷയം നിഷ ടി.എസും ജീവിതപര്യടനം ഗീതയിലൂടെ അദ്ധ്യായം രണ്ടിനെ അടിസ്ഥാനമാക്കി ബീജാമധുവും ഗുരുസ്തോത്രം അർത്ഥതലങ്ങൾ എന്ന വിഷയം കെ.പി.ലീലാമണിയും അവതരിപ്പിച്ചു. വൈകുന്നേരം പ്രാർത്ഥനായോഗത്തിൽ ഗുരു മുനി നാരായണപ്രസാദ്, സ്വാമി തത്വതീർത്ഥ എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി.

Advertisement
Advertisement