വഴിനീളെ കട്ടൗട്ടുകളും തോരണങ്ങളും, കട്ട് 'ഔട്ടാക്കുമോ'?

Sunday 25 December 2022 12:06 AM IST

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശം കെട്ടടങ്ങിയിട്ടും പാതയോരത്തെ കൊടിതോരണങ്ങളും കട്ടൗട്ടുകളും ഇനിയും മാറ്റിയില്ല. കോടതി വിധി ലംഘിച്ച് വിവിധ സംഘടനകളുടെ കൊടികളും പ്രചാരണ ബോർഡുകളുമുണ്ട് വഴിനീളെ. കോടതി ഉത്തരവിന് പുറമെ തദ്ദേശ സ്വയംഭരണ മന്ത്രിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും അഭ്യർത്ഥിച്ചിട്ടും പുല്ലുവില കൽപ്പിക്കുകയാണ്.

പാതയോരങ്ങളിലെ ബാനറുകളും കൊടി തോരണങ്ങളും കാരണം വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊടി തോരണങ്ങൾ കെട്ടിയ ചരട് ഇരുചക്രവാഹന, കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയായിട്ടുണ്ട്. അനധികൃതമായി കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് തടയാൻ പ്രാദേശികതല സമിതികളും മേൽനോട്ടത്തിന് ജില്ലാതല സമിതികളും രൂപീകരിച്ച് സർക്കാർ ഉത്തരവുണ്ടായിട്ടും നഗരത്തിൽ കൊടികൾ പാറി പറക്കുകയാണ്.

ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ആരാധകർ സ്ഥാപിച്ച കൊടികളും കട്ടൗട്ടുകളും റോഡ് വിട്ടിട്ടില്ല. താരങ്ങളുടെ വലിയ കട്ടൗട്ടുകൾ കാരണം എതിരെ വരുന്ന വാഹനങ്ങൾ കാണാതെ അപകടത്തിന് വഴിയൊരുങ്ങുകയാണ്. കൊടികൾ കെട്ടുമ്പോഴുള്ള ആവേശം അഴിച്ചു മാറ്റുന്ന കാര്യത്തിൽ കാണാറില്ല. പല കട്ടൗട്ടുകളും മരകഷ്ണങ്ങളിലാണ് ഉയർത്തി നിർത്തിയിരിക്കുന്നത്. ദിവസങ്ങൾ കഴിയുമ്പോൾ മരങ്ങൾ ദ്രവിച്ച് പൊട്ടി വീഴാനുള്ള സാദ്ധ്യത ഏറെയാണ്. മിക്ക രാഷ്ട്രീയ പാർട്ടികളുടെയും ശീലം റോ‍ഡിൽ കെട്ടിയ കൊടിതോരണങ്ങൾ അതേപടി ഉപേക്ഷിക്കുകയാണ്. ഇവ പലപ്പോഴും കാറ്റിൽ റോഡിലേക്കു പറന്നു വരും. ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരാണ് മിക്കപ്പോഴും ഇരകളാകുന്നത്.

Advertisement
Advertisement