ഗുരുദേവ ദ‍ർശനത്തിന്റെ ഉത്സവം , ശിവഗിരി തീർത്ഥാടനം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

Sunday 25 December 2022 12:22 AM IST

തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തീർത്ഥാടന നവതി സമാപന സമ്മേളനം ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ കൊളുത്തിയ മാതാതീത ആത്മീയ ദർശനത്തിന്റെ ജ്വാലയായി ലോകത്തിനാകെ പ്രകാശം പരത്തി നവതി ആഘോഷിക്കുന്ന ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.

ഈ മാസം 30ന് രാവിലെ 9.30ന് ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയാകും.രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെയും മഹാകവി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്ദിയുടെയും ആഘോഷങ്ങളും ഇതോടൊപ്പം നടക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടി സ്വാമി വിശാലാനന്ദ, തീർത്ഥാടന മീഡിയാ കമ്മിറ്റി ചീഫ് കോ ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നവതിയോടനുബന്ധിച്ച് 15ന് ആരംഭിച്ച ശിവഗിരി തീർത്ഥാടനം ജനുവരി 5വരെ നീണ്ടു നിൽക്കും.

30ന് പുലർച്ചെ പർണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്ക് ശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.ബാബു, പ്രവാസി സമ്മാൻ ജേതാവ് കെ.ജി.ബാബുരാജൻ, ഗോകുലം ഗ്രൂപ്പ് ചെയർമാർ ഗോകുലം ഗോപാലൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, യോഗനാദം ന്യൂസ് ചെയർമാൻ സൗത്ത് ഇന്ത്യൻ ആർ.വിനോദ് എന്നിവർ വിശിഷ്ടാതിഥികളാകും. സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവരും പങ്കെടുക്കും. സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്റെ സുവർണ്ണ രേഖകൾ, ഡോ.ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം നടക്കും.

രണ്ടാം ദിവസമായ 31ന് പുലർച്ചെ 4.30ന് തീർത്ഥാടന ഘോഷയാത്ര ആരഭിക്കും. 8.30ന് മഹാസമാധിയിൽ ഘോഷയാത്രയുടെ സമാപനത്തിൽ സ്വാമി സച്ചിദാനന്ദ തീർത്ഥാടന സന്ദേശം നൽകും. 10ന് തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ്പ് എം.ഡി എം.എ.യൂസഫലി എന്നിവർ മുഖ്യാതിഥികളാകും.അടൂർ പ്രകാശ് എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ.മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളാകും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഋതംഭരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ.വി.ജോയ് എം.എൽ.എ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, ഇൻഡ്‌ റോയൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഇൻഡ്‌ റോയൽ സുഗതൻ, തീർത്ഥാടന കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി.എസ്.ബാബുറാം,തീർത്ഥാടന കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്,​ സ്വാമി ശുഭാംഗാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ സംസാരിക്കും.
ചടങ്ങിൽ ശിവഗിരി ഹൈസ്‌കൂൾ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ നേടിയ ശിവഗിരി തീർത്ഥാടന കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജനെ ആദരിക്കും.

മൂന്നാം ദിവസം ജനുവരി 1ന് രാവിലെ 10ന് തീർത്ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളാകും. കവി പ്രഭാവർമ്മ, സൂര്യ കൃഷ്ണമൂർത്തി എന്നിവർ വിശിഷ്ടാതിഥികളാകും.

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെ.യു.ജനീഷ്‌കുമാർ.എം.എൽ.എ, എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ.വി.അനൂപ്,പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.അജിത്, സ്വാമി ഗുരുപ്രകാശം,​സ്വാമി ശിവനാരായണ തീർത്ഥ തുടങ്ങിയവർ സംസാരിക്കും.

വൈകിട്ട് 4.30ന് തീർത്ഥാടന സമാപന സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുഖ്യാതിഥിയാകും. പി.എം.എ ഇന്റർനാഷണൽ എൽ.എൽ.സി സുൽത്താനേറ്റ് ഓഫ് ഒമാൻ ചെയർമാൻ ഡോ.പി. മുഹമ്മദ് അലിയെ ആദരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. എം.കെ. രാഘവൻ എം.പി, എ.എ റഹീം എം.പി, പ്രമോദ് നാരായൺ എം.എൽ.എ, യു.പ്രതിഭ എം.എൽ.എ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെകട്ടറി അജി എസ്.ആർ.എം, ശിവഗിരി വാർഡ് കൗൺസിലർ രാജി എന്നിവർ വിശിഷ്ടാതിഥികളാവും. സ്വാമി ശുഭാംഗാനന്ദ,​ സ്വാമി വിശാലാനന്ദ തുടങ്ങിയർ സംസാരിക്കും.

Advertisement
Advertisement