നിദ ഫാത്തിമയുടെ മരണത്തിൽ കോടതിയെ സമീപിക്കും: മന്ത്രി അബ്ദുറഹ്മാൻ
Sunday 25 December 2022 12:24 AM IST
മലപ്പുറം: നിദ ഫാത്തിമയുടെ മരണത്തിൽ കോടതിയെ സമീപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും കത്ത് നൽകി. കേരളത്തിൽ വകുപ്പ് തന്നെ നേരിട്ട് കോടതിയെ സമീപിച്ച് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടും. അന്വേഷണം നടന്നാൽ വ്യക്തതയുണ്ടാവും. അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരം കായികമേഖലയിൽ വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. അത് മാറ്റിയെടുക്കുന്നതിന് കേരളത്തിൽ നല്ല രീതിയിൽ ശ്രമിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ കൂടി സഹായിച്ചാൽ നിലയ്ക്ക് നിറുത്താൻ പറ്റുമെന്നും കായിക മേഖലയ്ക്ക് വളർച്ചയുണ്ടാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ സബ്‌ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഫാത്തിമ ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു.