കൊലപാതകശ്രമം കീഴ് കോടതി വിധി റദ്ദാക്കി

Sunday 25 December 2022 12:41 AM IST

കൊല്ലം : ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസിലെ പ്രതികളായ പ്രസാദ്, സുധീഷ് കുമാർ എന്നിവരെ അഞ്ച് വർഷവും ഒരു മാസവും കഠിനതടവിനും ഓരോ ലക്ഷം രൂപാ വീതം പിഴയും ശിക്ഷിച്ചുകൊണ്ടുള്ള കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് ജഡ്ജിയുടെ വിധി റദ്ദാക്കി. കൊല്ലം സെഷൻസ് ജഡ്ജ് പ്രസന്നാ ഗോപന്റേതാണ് ഉത്തരവ്. കീഴ് കോടതിയിൽ പ്രതികൾക്കെതിരായ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചുകൊണ്ടാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.

2012 ജനുവരി 29ന് നിലമേൽ വില്ലേജിൽ മുളയികോണം പബ്ലിക് റോഡിൽ വച്ച് കിളിമാനൂർ വില്ലേജിൽ മനയ്ക്കൽ ദേശത്ത് പനപ്പാംകുന്ന് ദിവ്യ ഭവനിൽ ദീപുവിനെ(23) മാരകായുധങ്ങൾ കൊണ്ട് വെട്ടി മുറിവേൽപ്പിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ദീപുവിന്റെ സഹോദരിയെയും കുഞ്ഞമ്മയെയും എറിഞ്ഞോടിക്കുകയും ചെയ്തെന്നാരോപിച്ചായിരുന്നു കേസ്.

പിഴ തുകയിൽ ഒന്നര ലക്ഷം രൂപ പരിക്കേറ്റ ആളിന് കൊടുക്കണമെന്നും അല്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് കീഴ്കോടതി വിധിയിൽ ഉണ്ടായിരുന്നു

പ്രതികൾക്കുവേണ്ടി അഡ്വക്കേറ്റുമാരായ ഇ.ഷാനവാസ് ഖാൻ, വെള്ളിമൺ ബി.ഇന്ദ്രബാലൻ പിള്ള എന്നിവർ കോടതിയിൽ ഹാജരായി.

Advertisement
Advertisement