കൊച്ചിയിൽ വീണ്ടും ബ്ളാസ്റ്റേഴ്സിന്റെ വിജയഗാഥ, കരുത്തരായ ഒഡീഷയെ തകർത്ത് ഏഴാം ജയം, പട്ടികയിൽ മൂന്നാമത്

Monday 26 December 2022 10:50 PM IST

കൊച്ചി: സീസണിലെ ഏഴാം വിജയത്തിലൂടെ ആരാധകർക്ക് ക്രിസ്മസ് സമ്മാനവുമായി കേരളത്തിന്റെ കൊമ്പൻമാർ. കരുത്തരായ ഒഡീഷ എഫ്സിയ്‌ക്കെതിരെ ഒരു ഗോളിന്റെ ലീഡിലാണ് കേരള ബ്ളാസ്‌റ്റേഴ്സ് വിജയം ആവർത്തിച്ചത്. സന്ദീപ് സിംഗിന്റെ ഹെഡറോടെ ഒഡീഷയ്‌ക്കെതിരെ മധുര പ്രതികാരം വീട്ടിയതോടെ ബ്ളാസ്‌റ്റേഴ്സ് 22 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ഒഡീഷ എഫ്സി താരങ്ങളുടെ ആക്രമണത്തോടെയായിരുന്നു കളി ആരഭിച്ചതെങ്കിലും ഗോൾവഴങ്ങാതെ ബ്ളാസ്‌റ്റേഴ്സിന്റെ പ്രതിരോധനിര ആദ്യ പകുതി പൂർത്തിയാക്കി. രണ്ടാം പകുതിയിൽ സന്ദീപ് സിംഗ് ഗോൾ വല കുലുക്കിയതോടെ ബ്ളാസ്‌റ്റേഴ്സ് ഏകപക്ഷീയമായ വിജയമുറപ്പിക്കുകയായിരുന്നു. 86-ാം മിനിറ്റിൽ ബ്രൈസ് മിറാൻഡ ബോക്സിൽ നൽകിയ അസിസ്റ്റായിരുന്നു കളിയുടെ ഗതി മാറ്റിയത്. ബോക്സിന്റെ വലതു ഭാഗത്തുനിന്നെത്തിയ പാസ് ഗോളിയെ നിഷ്പ്രഭനാക്കി സന്ദീപ് സിംഗ് വലയിലെത്തിക്കുകയായിരുന്നു.


അവസാന കളിയിൽ നിന്ന് ഒരു മാറ്റത്തോടെയായിരുന്നു ബ്ളാസ്‌റ്റേഴ്സ് കളത്തിലിറങ്ങിയത്. പ്രതിരോധത്തിൽ നിഷുകുമാറിന് പകരം ക്യാപ്റ്റൻ ജെസെൽ കർണെയ്റോ തിരിച്ചെത്തി.ജനുവരി 3-ന് ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

Advertisement
Advertisement