പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊവിഡ് സാഹചര്യം വിലയിരുത്തി, ബഫർസോൺ ചർച്ചയായില്ലെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹി സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൊവിഡ് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളാണ് പ്രധാനമായും ചർച്ചയായത്. കൊവിഡ് പ്രതിരോധത്തിനായി കേരളം നടത്തിവരുന്ന മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി പരാമർശിച്ചു.ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
അതേസമയം, ബഫർസോൺ വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്നും കൂടിക്കാഴ്ചയിൽ ധാരണയായി.
കേരളത്തിൽ ദേശീയ പാത വികസനത്തിനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പരസ്‌പരം നവവത്സരാശംസകൾ നേർന്നു. പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്. ഒപ്പം കഥകളി ശിൽപ്പവും സമ്മാനമായി നൽകി.