നിരക്കിളവ് സമയം കുറച്ചു, മെട്രോയിൽ രാത്രി തർക്കം

Wednesday 28 December 2022 12:41 AM IST

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രാ ഇളവ് സമയം മുന്നറിയിപ്പില്ലാതെ കുറച്ചത് സ്റ്റേഷനിൽ വാക്കുതർക്കത്തിനും പരാതികൾക്കും വഴിവച്ചു. രാവിലെ എട്ടുവരെയും രാത്രി എട്ടിന് ശേഷവുമായിരുന്നു അമ്പത് ശതമാനം ഇളവ്. 19-ാം തീയതി ഇത് രാത്രി ഒമ്പതു മുതലാക്കി. മുഴുവൻ നിരക്ക് ഈടാക്കിയത് പല സ്റ്റേഷനുകളിലും തർക്കങ്ങൾക്ക് വഴിവെച്ചു. പരാതികളെ തുടർന്ന് 21-ാം തീയതിയാണ് പരിഷ്കാരം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.

ഇക്കാര്യത്തിൽ ഇതുവരെ പത്രക്കുറിപ്പ് ഇറക്കാനും അധികൃതർ തയാറായിട്ടില്ല. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് വലിയ പ്രചാരണത്തോടെ ഒരു വർഷം മുമ്പ് മെട്രോ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചത്. മെട്രോ യാത്രയ്ക്കെത്തുന്ന സംഘങ്ങൾ ഇളവിനായി രാത്രി എട്ടുമണിവരെ ഇപ്പോഴും സ്റ്റേഷനുകൾക്ക് മുന്നിൽ കാത്തുനിൽക്കാറുണ്ട്. തുടർന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് നിരക്ക് മാറ്റം അറിയുന്നത്. നിരവധി സംഘങ്ങൾക്ക് ദിവസേന ഇത്തരത്തിൽ അബദ്ധം പിണയുന്നുണ്ട്.

മെട്രോ റെയിലിന്റെ ഗുണം നഗരത്തിന് ലഭിക്കണമെങ്കിൽ നിരക്ക് കുറച്ച് യാത്രികരുടെ എണ്ണം കൂട്ടണം. ആരുമറിയാതെ ഇളവ് കുറയ്ക്കുന്നത് കുതന്ത്രമാണ്. പകുതി നിരക്ക് വൈകിട്ട് അഞ്ച് മണിമുതൽ പ്രാബല്യത്തിലാക്കിയാൽ ബസ് യാത്രികരായ ആയിരക്കണക്കിന് വനിതകൾ ഉൾപ്പടെയുള്ളവർ മെട്രോയിലേക്കെത്തും.

എബനസർ ചുള്ളിക്കാട്ട്

സാമൂഹ്യപ്രവർത്തകൻ