ളാഹ വിളക്കുവഞ്ചി വളവ് തീർത്ഥാടകർക്ക് പേടിസ്വപ്നം
പത്തനംതിട്ട: അശാസ്ത്രീയ നിർമ്മാണവും നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും കാരണം അപകടക്കെണിയായ ശബരിമല പാതയിലെ ളാഹ വിളക്കുവഞ്ചി ഭാഗത്തെ വളവ് തീർത്ഥാടകർക്ക് പേടിസ്വപ്നമാകുന്നു. റോഡിലെ ഇറക്കവും ചരിവോടെയുള്ള വലിയ വളവുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. തീർത്ഥാടനകാലത്ത് രണ്ട് വലിയ അപകടങ്ങളാണ് ഇവിടെയുണ്ടായത്. ചെറിയ അപകടങ്ങൾ വേറെയും.
മണ്ഡലകാലം തുടങ്ങി മൂന്നാം നാൾ ആന്ധ്ര തീർത്ഥാടകരുടെ ബസ് വിളക്കുവഞ്ചി ഇറക്കത്തിൽ ബ്രേക്ക് ചെയ്തയുടൻ തലകീഴായി മറിഞ്ഞ് 24 തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ 21ന് തമിഴ്നാട് ബസ് മറിഞ്ഞെങ്കിലും തീർത്ഥാടകർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതിനുശേഷം ദേശീയപാത അധികൃതർ റോഡിൽ റിഫ്ളക്ടറുകൾ സ്ഥാപിച്ചെങ്കിലും പരിഹാരമായിട്ടില്ല. തീർത്ഥാടനം കഴിഞ്ഞ് ക്ഷീണത്തോടെ മടങ്ങുമ്പോൾ ഡ്രൈവർമാർ മയങ്ങിപ്പോകുന്നതാണ് അപകട കാരണമാകുന്നത് എന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
ളാഹ വളവ്
- റോഡിന് വീതി കുറവ്
- ഇറക്കത്തിൽ വേഗത നിയന്ത്രിക്കാൻ റിഫ്ളക്ടറുകളും മുന്നറിയിപ്പ് സംവിധാനങ്ങളുമില്ല
- മിക്ക വാഹനങ്ങളും വരുന്നത് ടോപ്പ് ഗിയറിൽ
- വളവ് കാണുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടത്തിന് ഇടയാക്കുന്നു
'' റോഡ് നിർമ്മാണത്തിലെ അപാകതകളും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നു.
ശബരിമല സേഫ്
സോൺ അധികൃതർ
'' ദേശീയപാത 183എയുടെ ഭാഗമാക്കി റോഡ്,വികസിപ്പിക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ നടപടിയുണ്ടാകും.
ദേശീയ പാത
കൊല്ലം ഡിവിഷൻ