പ്രായം തളർത്തിയില്ല, പറമ്പിൽ പൊന്നുവിളയിച്ച് വാസുവേട്ടൻ

Tuesday 27 December 2022 11:27 PM IST

കോന്നി: വയസ് നൂറായി. പക്ഷേ വകയാർ കൊല്ലൻപടി ഇടത്തറ മണ്ണിൽ പുത്തൻവീട്ടിൽ വാസുവിന്റെ മനസും ശരീരവും തളർന്നിട്ടില്ല. പഴയ കർഷകനായി നാട്ടുകാരുടെ പ്രിയപ്പെട്ട വാസുവേട്ടൻ ഇപ്പോഴും പറമ്പിലുണ്ട്.

അടുത്തിടെയുണ്ടായ മൂത്ര സംബന്ധമായ രോഗത്തെ തുടർന്ന് മൂത്രം പോകാനുള്ള ബാഗ് ശരീരത്തിൽ ഘടിപ്പിച്ചുകൊണ്ട് കൃഷിപ്പണി നടത്തുന്ന അദ്ദേഹം നാട്ടുകാർക്ക് അത്ഭുതമാണ്. സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് കൃഷി. തോർത്തുമുണ്ടുടുത്ത് തലയിൽ പാളത്തൊപ്പിയുമായി പ്രായത്തെ മറന്ന് അദ്ദേഹം കൃഷിഭൂമിയിൽ സജീവമാണ്. നെല്ല് ,വാഴ, തെങ്ങ്, കൊക്കോ, ഇഞ്ചി, മഞ്ഞൾ, കപ്പ, കാച്ചിൽ, ചേന, കമുക്, മംഗോസ്റ്റിൻ, റംബുട്ടാൻ, വെറ്റില, ചെറുകിഴങ്ങ്, പച്ചക്കറികൾ എന്നിവയെല്ലാം കൃഷിയിടത്തിലുണ്ട്. മികച്ച കർഷകനായ വാസുവിനെ കഴിഞ്ഞ വർഷം അരുവാപ്പുലം കാർഷിക കുട്ടായ്മ എന്ന വാട്സ് ആപ് ഗ്രൂപ്പും അരുവാപ്പുലം കൃഷി ഭവനും ആദരിച്ചിരുന്നു. മുന്ന് വർഷം മുൻപുവരെ പകലന്തിയോളം പാടത്തും പറമ്പിലും കൃഷിപ്പണികൾ ചെയ്യുമായിരുന്നു. ഇപ്പോഴും വെറുതെയിരിക്കാൻ മനസില്ല. കുട്ടിക്കാലത്ത് തുടങ്ങിയതാണ് കൃഷിയോടുള്ള കമ്പം. വനം വെട്ടിത്തെളിച്ച് കൃഷിയിടം ഒരുക്കിയത് ഇന്നും മനസിലുണ്ട്. അക്കാലത്ത് കരഭൂമി നിലങ്ങളാക്കി മാറ്റി നെൽകൃഷി ചെയ്ത് നൂറുമേനി വിളവെടുത്തു. കാലം മാറിയപ്പോൾ നെൽകൃഷി ഇല്ലാതാകുന്നതിലാണ് വാസുവിന്റെ സങ്കടം.

ഒൻപത് പതിറ്റാണ്ടായി കാർഷികവൃത്തി തുടരുന്ന നാട്ടിലെ മികച്ച കർഷകനാണ് ഇദ്ദേഹം. കൂടുതൽ അംഗീകാരങ്ങൾ ലഭിക്കേണ്ടിയിരിക്കുന്നു

അജി കൊല്ലൻപടി, സാമൂഹ്യ പ്രവർത്തകൻ