പ്രിമിയർ ലീഗ് : ആഴ്സനൽ തന്നെ മുന്നിൽ

Wednesday 28 December 2022 12:21 AM IST

ആഴ്സനൽ 3- വെസ്റ്റ്ഹാം 1

ലിവർപൂൾ 3-ആസ്റ്റൺ വില്ല 1

ന്യൂകാസിൽ 3-ലെസ്റ്റർ സിറ്റി 0

ബ്രൈറ്റൺ 3- സതാംപ്ടൺ 1

ലണ്ടൻ : ലോകകപ്പിന്റെയും ക്രിസ്മസിന്റെയും ഇടവേള കഴിഞ്ഞ് ഇംഗ്ളീഷ് പ്രിമിയർ ലീഗ് പുനരാരംഭിച്ചപ്പോഴും മുന്നേറ്റം തുടർന്ന് ആഴ്സനൽ. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ആഴ്സനൽ 15 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 27-ാം മിനിട്ടിൽ സെയ്ദ് ബെനാർമ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ വെസ്റ്റ്ഹാമിനെ രണ്ടാം പകുതിയിൽ ബുക്കായോ സാക്ക,ഗബ്രിയേൽ മാർട്ടിനെല്ലി,എഡ്ഡി എൻകെയ്ത എന്നിവർ നേടിയ ഗോളുകൾക്കാണ് ആഴ്സനൽ തോൽപ്പിച്ചത്.

ലെസ്റ്റർ സിറ്റിയെ 3-0ത്തിന് തോൽപ്പിച്ച ന്യൂകാസിൽ യുണൈറ്റഡ് 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി പട്ടികയിൽ രണ്ടാമതേക്ക് ഉയർന്നു. മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. മുഹമ്മദ് സലാ,വിർജിൽ വാൻഡിക്ക്, സ്റ്റെഫാൻ ബായ്സെറ്റിച്ച് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. 15കളികളിൽ നിന്ന് 25 പോയിന്റുമായി ലിവർപൂൾ ആറാം സ്ഥാനത്താണ്.