ദേശീയപാത 66 വികസനം: ഫ്ലൈ ഓവർ തീരുമാനം നീളുന്നു

Wednesday 28 December 2022 12:31 AM IST

കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള തീരുമാനം നീളുന്നു. കരുനാഗപ്പള്ളി, കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ എലിവേറ്റഡ് ഫ്ലൈ ഓവർ അലോചനയിലുള്ളത്.

നിലവിലെ രൂപരേഖ പ്രകാരം എല്ലാ ജംഗ്ഷനുകളിലും ആർ.ഇ വാൾ അണ്ടർപാസാണുള്ളത്. നിശ്ചിത ദൂരത്തിൽ നിന്ന് ആറുവരിപ്പാത മണ്ണിട്ട് ഉയർത്തി വന്ന ശേഷം ജംഗ്ഷനിൽ അണ്ടർപാസിന് അടിയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതാണ് ആർ.ഇ വാൾ മാതൃക. ഇത് ജംഗ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളെ സാരമായി ബാധിക്കും. നിലവിൽ പ്രധാന ജംഗ്ഷനുകളിൽ ഒന്നിലധികം സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യമുണ്ട്. ആർ.ഇ വാൾ വരുമ്പോൾ അണ്ടർപാസ് ഒന്നോരണ്ടോ സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങും. അണ്ടർപാസിലേക്ക് വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് പ്രധാന ജംഗ്ഷനുകളിൽ തൂണുകൾക്ക് മുകളിൽ റോഡ് നിർമ്മിക്കുന്ന എലിവേറ്റഡ് ഫ്ലൈ ഓവർ വേണമെന്ന ആവശ്യം ഉയർന്നത്.

കരുനാഗപ്പള്ളിയിൽ ഒതുങ്ങുമോ?​

കരുനാഗപ്പള്ളി, കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നത് പരിഗണിക്കാമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതാണ്. ഇതിന്റെ ഭാഗമായി ഈ സ്ഥലങ്ങളിൽ ട്രാഫിക് സർവ്വേയും നടത്തിയിരുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഇക്കാര്യത്തിൽ കരാറുകാരുമായി ചർച്ച നടക്കുകയാണെന്നാണ് ദേശീയപാത അതോട്ടി അധികൃതർ പറയുന്നത്. എലിവേറ്റഡ് ഫ്ലൈ ഓവർ ഒരുപക്ഷേ കരുനാഗപ്പള്ളിയിൽ മാത്രമായി ഒതുങ്ങാനും സാദ്ധ്യതയുണ്ട്. ഫ്ലൈ ഓവർ നിർമ്മാണത്തിന് ആർ.ഇ വാളിനേക്കാൾ തുക കൂടുതൽ ചെലവാകും. ഇതിന് പുറമേ അപകടസാദ്ധ്യത കുറവാണെന്നാണ് ദേശീയപാത അതോറിട്ടിയുടെ നിലപാട്.

Advertisement
Advertisement