പുണ്യദർശനമായി മണ്ഡലപൂജ, ഇനി മകരവിളക്ക് മഹോത്സവം

Wednesday 28 December 2022 12:49 AM IST

ശബരിമല:ഭക്തലക്ഷങ്ങൾക്ക് പുണ്യ ദർശനമേകി ശബരീശ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന മണ്ഡലപൂജയോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് മഹോത്സവത്തിന് 30ന് വൈകിട്ട് 5ന് നടതുറക്കും.

ഇന്നലെ ഉച്ചയ്ക്ക് 12.30നും 1നും മദ്ധ്യേയുളള മീനം രാശി ശുഭമുഹൂർത്തത്തിലായിരുന്നു മണ്ഡല പൂജ. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണി കൊട്ടി ഉണർത്തി. തുടർന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി. ശ്രീകോവിലിലും ഉപദേവതകൾക്കും നിവേദ്യം സമർപ്പിച്ച ശേഷം ഭൂതഗണങ്ങൾക്ക് ഹവിസ് തൂകി. കലശപൂജയ്ക്കും കളഭാഭിഷേകത്തിനും ശേഷം നട അടച്ച് മണ്ഡലപൂജ ആരംഭിച്ചു. തുടർന്ന് നട തുറന്ന് ഭക്തർക്ക് ദർശനം നൽകി. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, ആലപ്പുഴ ജില്ലാ കളക്‌ടർ വി.ആർ. കൃഷ്ണതേജ, എ.ഡി.എം. വിഷ്ണുരാജ്, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ആർ. അനന്ദ്, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത് കെ. ശേഖർ, ഫെസ്റ്റിവൽ കൺട്രോളർ പ്രേംജി എന്നിവർ സന്നിഹിതരായിരുന്നു.

മകരവിളക്ക് 14ന്


2023 ജനുവരി 14നാണ് മകരവിളക്ക്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാ‌ർത്താനുള്ള തിരുവാഭരണങ്ങൾ പന്തളത്തു നിന്ന് കാനന പ്പാതയിലൂടെ വലിയ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ശബരിമലയിൽ എത്തിക്കും. തിരുവാഭരണം ചാ‌ർത്തിയുള്ള ദീപാരാധനയ്‌ക്ക് ശേഷം പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയും. മകരവിളക്ക് ഉത്സവത്തിന് ശേഷം ജനുവരി 20ന് നട അടയ്ക്കും.19ന് രാത്രി വരെയായിരിക്കും തീർത്ഥാടകർക്ക് ദർശനം. ജനുവരി 14 മുതൽ 17 വരെ എല്ലാദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് ധർമ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും.18ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതി. 20ന് രാവിലെ 6.30ന് രാജ പ്രതിനിധിയുടെ ദർശനം കഴിഞ്ഞ് നട അടയ്ക്കും.

Advertisement
Advertisement