മുങ്ങിമരണം: സർക്കാർ സഹായമില്ലാതെ ആശ്രിതർ

Wednesday 28 December 2022 1:21 AM IST

തിരുവനന്തപുരം: ആത്മഹത്യയല്ലാതെ ജലാശയങ്ങളിൽ വീണ് മുങ്ങിമരിക്കുന്നവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട്, കർണാടക മാതൃകയിൽ സംസ്ഥാനത്തും സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യമുയരുന്നു. അപകടത്തിന്റെ സ്വഭാവമനുസരിച്ച് തമിഴ്നാട് രണ്ടുമുതൽ 4 ലക്ഷം വരേയും കർണാടക ഒരു ലക്ഷം മുതൽ 5 ലക്ഷം വരേയും ‌ഒഡിഷ നാല് ലക്ഷം രൂപയുമാണ് ആശ്രിതർക്ക് സഹായം നൽകുന്നത്.

എന്നാൽ, മുങ്ങി മരണങ്ങൾ കേന്ദ്ര, സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തതാണ് സംസ്ഥാനത്ത് ധനസഹായം നൽകാത്തതിന് കാരണമായി സർക്കാർ പറയുന്നത്. എം.എൽ.എ മാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖേന അപേക്ഷ നൽകിയാൽ ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിക്കുമെന്നതാണ് ഏക ആശ്വാസം.


സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ ആത്മഹത്യ അല്ലാതെ നടന്ന മുങ്ങിമരണങ്ങൾ 8169 ആണ്. ആത്മഹത്യകൂടി കൂട്ടിയാൽ 10,451. നിരവധി കുടുംബങ്ങളാണ് ഉറ്റവരുടെ മുങ്ങിമരണത്തെ തുടർന്ന് ആശ്രയം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്നത്. 2019ൽ ആണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത്- 1867.

പ്രകൃതിക്ഷോഭങ്ങളിലും മറ്റ് ദുരന്തങ്ങളിലുമൊക്കെ ഇരയാവുന്നവരുടെ ആശ്രിതർക്ക് നൽകുന്നത് നാല് ലക്ഷം രൂപയാണ്. കേന്ദ്ര വിഹിതം ഉൾപ്പെടെയാണിത്. ഇതിനു സമാനമായ തുക മുങ്ങി മരിക്കുന്നവരുടെ കുടുംബത്തിനും നൽകണമെന്നാണ് ആവശ്യമുയരുന്നത്.

ആറ് വർഷത്തെ

മുങ്ങിമരണങ്ങൾ

തിരുവനന്തപുരം- 886, കൊല്ലം- 727,പത്തനംതിട്ട- 217, ആലപ്പുഴ- 758, കോട്ടയം- 489, ഇടുക്കി - 238, എറണാകുളം- 872, തൃശൂർ- 913, പാലക്കാട് - 780, മലപ്പുറം- 624, കോഴിക്കോട്- 575, വയനാട്-148, കണ്ണൂർ- 531, കാസ‌ർകോട് 409.

Advertisement
Advertisement