ഇ.പി വിവാദം: സംസ്ഥാന നേതൃത്വത്തിന് വിട്ട് പി.ബി. , നാളത്തെ സെക്രട്ടേറിയറ്റിൽ ഇ.പി പങ്കെടുക്കും
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനെതിരെ ഉയർന്ന റിസോർട്ട് വിവാദത്തിൽ തീരുമാനം സംസ്ഥാന ഘടകത്തിന് പാർട്ടി കേന്ദ്ര നേതൃത്വം വിട്ടതോടെ, നാളത്തെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിരുമുറുക്കമേറി.
പുതിയ വെളിപ്പെടുത്തലുകളുമായി വിവാദം മുറുകുന്നതിനിടെ, നീണ്ട ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് ഇ.പി. ജയരാജൻ തന്റെനിലപാട്
വിശദീകരിക്കും. സെക്രട്ടേറിയറ്റ് യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിലാകും അന്വേഷണമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം. മുതിർന്ന കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരെ ഉയർന്ന ആരോപണമായതിനാൽ, കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ സമിതിയെ വച്ച് അന്വേഷണത്തിനുള്ള സാദ്ധ്യത പാർട്ടി വൃത്തങ്ങൾ തള്ളിയിട്ടില്ല. എന്നാൽ, വിഷയം മാദ്ധ്യമങ്ങളിലൂടെ വലിയ ചർച്ചയായതോടെ പ്രതിരോധത്തിലായ സി.പി.എം നേതൃത്വം, പാർട്ടിയിൽ ചർച്ച ചെയ്ത് തണുപ്പിക്കാനുള്ള നീക്കവും ആലോചിക്കുന്നു.
നിസാരമായി തള്ളാനാവില്ല
ഒക്ടോബർ ആറ് മുതൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിലുള്ള ഇ.പി. ജയരാജൻ, ഗവർണർക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ നിന്നു വരെ വിട്ടുനിന്നത് ചർച്ചയായിരുന്നു. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത പരിപാടിയാണത്.ജൂനിയറായ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായതിലുള്ള അമർഷമാണ് ജയരാജന്റെ നിഷേധ സമീപനങ്ങൾക്ക് പിന്നിലെന്ന സംശയമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് തെറ്റ് തിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ ഗുരുതരമായ സാമ്പത്തിക കുറ്റാരോപണം ഉയർത്തിയത്. തെറ്റ് തിരുത്തൽ ചർച്ച ചെയ്യുന്ന വേളയിൽ സി.പി.എമ്മിന് ഇത് നിസ്സാരമായി തള്ളാനാവില്ല. അടുത്ത മാസത്തെ കേന്ദ്രകമ്മിറ്റി തെറ്റ് തിരുത്തൽ രേഖ ചർച്ചയ്ക്കെടുമ്പോഴേക്കും, സംസ്ഥാന നേതൃത്വത്തിന് നിലപാടിലെത്തേണ്ടി വരും.