സ്കൂഗിൾ കേരളസമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കും: ടി.ജെ.വിനോദ് എം.എൽ.എ

Thursday 29 December 2022 12:42 AM IST

കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഗുണമേന്മയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരളകൗമുദി തുടക്കം കുറിക്കുന്ന സ്കൂഗിൾ പദ്ധതി കേരളസമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ബി.ടി.എച്ച് ഹാളിൽ കേരളകൗമുദി 111 ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിലും ആദർശങ്ങളും മുറുകെ പിടിച്ചുകൊണ്ട് പത്രപ്രവർത്തനരംഗത്ത് 111 വർഷം പിന്നിട്ട കേരളകൗമുദി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന സ്കൂഗിൾ എന്ന ജനകീയ പദ്ധതി കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്താകും. വെല്ലുവിളികൾ നേരിടുന്ന സാമൂഹ്യചുറ്റുപാടിലൂടെയാണ് ഇന്നത്തെ പത്രപ്രവർത്തനം കടന്നുപോകുന്നത്. നൂറുശതമാനവും പത്രധർമ്മം നിർവഹിക്കുന്നതുകൊണ്ട് മാത്രമാണ്, നവമാദ്ധ്യമങ്ങളുടെ അതിപ്രസരമുള്ള കാലഘട്ടത്തിലും എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് കേരളകൗമുദി സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടകൊണ്ടിരിക്കുകയാണ്. പുതുതലമുറ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നു. കിടപ്പാടം പണയപ്പെടുത്തി ബാങ്കുവായ്പകൾ എടുത്തുപോലും മക്കളെ വിദേശത്തേക്ക് അയയ്ക്കാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പുതുതലമുറയ്ക്ക് വഴികാട്ടിയാകാൻ സ്കൂഗിളിന് കഴിയട്ടെയെന്നും എം.എൽ.എ ആശംസിച്ചു.

Advertisement
Advertisement