കുട്ടികളെ വിസ്മയിപ്പിച്ച് കടലും കപ്പലും

Thursday 29 December 2022 12:55 AM IST
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂർ പോർട്ടിലെത്തിയ കോസ്റ്റ് ഗാർഡിന്റെ അർണവേശ് കപ്പൽ കാണാനെത്തിയ എൻ.സി.സി കേഡറ്റുകൾ

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 'അർണവേഷ്'കപ്പൽ കാണാൻ നിരവധി വിദ്യാർത്ഥികളെത്തി. ആദ്യമായി കപ്പലിൽ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി വിദ്യാർത്ഥികളോടൊപ്പം പരിമിതികളെ വക വെയ്ക്കാതെ ഭിന്നശേഷി വിദ്യാർത്ഥികളും ചേർന്നപ്പോൾ കാഴ്ചയുടെ മനോഹാരിത വർദ്ധിപ്പിച്ചു. അർണവേഷ്' കാണാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക സൗകര്യമാണ് ഏർപ്പെടുത്തിയത്. കുട്ടികൾക്ക് സഹായവുമായി കോസ്റ്റ് ഗാർഡ് അംഗങ്ങളും ഉണ്ടായിരുന്നു. മണ്ഡലത്തിലേതുൾപ്പടെയുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ് കുട്ടികൾ.

കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലിന്റെ ഉൾക്കാഴ്ചകൾ കാണാനും അവസരം ഒരുക്കുന്നതിന് പുറമേ നാവികസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിയാനുമാണ് ബേപ്പൂരിൽ കപ്പൽ പ്രദർശനം നടത്തുന്നത്. നാവികസേനയുടെ സുരക്ഷാ സജ്ജീകരണങ്ങളടക്കം പ്രദർശനത്തിൽ ഉൾപ്പെടുന്നു. പോർട്ട് ഓഫീസർ അശ്വനി പ്രതാപ് നേതൃത്വം നൽകി. കോസ്റ്റൽ പോലീസ് പരിപാടിയുടെ നടത്തിപ്പും സുരക്ഷാ ക്രമീകരണങ്ങളും നടത്തി.

Advertisement
Advertisement