നിയമം ലംഘിച്ചോടുന്ന ബസുകൾക്ക് കുരുക്കിടാൻ മോട്ടാർ വാഹന വകുപ്പ്

Thursday 29 December 2022 12:03 AM IST
മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നടത്തിയ ബോധവത്കരണം

@ 47 വാഹനങ്ങൾക്കെതിരെ നടപടി

@ 58500 രൂപ പിഴ ഈടാക്കി

കോഴിക്കോട്: നിയമം ലംഘിച്ചോടുന്ന ബസുകൾക്ക് കുരുക്കിടാൻ മോട്ടാർ വാഹന വകുപ്പ് രംഗത്ത്. സിറ്റിയിൽ സ്വകാര്യ ബസുകളെക്കുറിച്ചുള്ള പരാതി വ്യാപകമായതിനാൽ ജില്ലയിലെ വിവിധ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ചേർന്ന് നഗരപരിധിയിൽ പ്രത്യേക പരിശോധന നടത്തി. മൊഫ്യൂസിൽ, പാളയം, കൊടുവള്ളി, ഫറോക്ക് ബസ് സ്റ്റാൻഡുകളിൽ ജീവനക്കാർക്കുള്ള ബോധവത്കരണവും നടത്തി. മുൻ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പാസഞ്ചർ ഡോർ അടക്കാതെ സർവീസ് നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ബസുകളിലെ വാതിലുകൾ പൂർണമായും അടയ്ക്കാതെയാണ് ഉൾപ്രദേശങ്ങളിലടക്കമുള്ള പല ബസുകളും യാത്ര നടത്തുന്നത്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതിൽ തനിയെ തുറന്ന് വീട്ടമ്മ മരിച്ചിരുന്നു. പരിശോധനയിൽ 47 വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 58500 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.

കൂടാതെ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നിർദ്ദേശം ആർ.ടി.എ

ബോർഡിൽ സമർപ്പിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു. പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ധനേഷ്.കെ.എം, പ്രജീഷ്. എം.കെ, സുരേഷ് കെ. വിജയൻ എന്നിവരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും പങ്കെടുത്തു.

''ആർ.ടി. ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളെക്കുറിച്ചാണ്. ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തുകയും പൊതുജനങ്ങളുടെ

സുരക്ഷിത്വത്തെ ബാധിക്കുന്ന രീതിയിൽ സർവീസ് നടത്തുകയും ചെയ്യുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.''-

ബിജുമോൻ.കെ ,

എൻഫോഴ്സ്മെന്റ് ആർ .ടി .ഒ

Advertisement
Advertisement