റേഷൻ വിതരണം: രണ്ടാം ദിനവും മുടന്തി ഇ-പോസ്

Thursday 29 December 2022 1:34 AM IST

തിരുവനന്തപുരം:റേഷൻ കടകളിലെ ഇ - പോസ് സംവിധാനം തുടർച്ചയായ രണ്ടാം ദിവസവും തകരാറിലായി. ഇ - പോസ് യന്ത്രത്തിൽ വിരൽ പതിക്കുമ്പോൾ ബയോ മെട്രിക് വിവരശേഖരണം നടക്കാത്തതാണ് ഇന്നലത്തെയും പ്രശ്നം.

കാർഡ് ഉടമയുടെ മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി ഇ-പോസ് മെഷീനിൽ എന്റർ ചെയ്താണ് പകരം റേഷൻ വിതരണം നടത്തിയത്. ഇതിന് ഏറെ സമയം വേണ്ടി വരുന്നു.
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്ക് സാധാരണ റേഷൻ വിഹിതത്തിനു പുറമേ കേന്ദ്രത്തിന്റെ 5 കിലോ സൗജന്യ അരിക്കും രണ്ടു തവണ വിരൽ പതിക്കണം. അല്ലെങ്കിൽ രണ്ടു തവണ ഒടിപി ഫോണിൽ ലഭിക്കണം. ഇ - പോസ് തകരാർ മൂലം ഇവർക്കാണ് ഏറെ പ്രയാസം.

തിങ്കളാഴ്ച തന്നെ പ്രശ്നം തുടങ്ങിയിരുന്നു. അന്ന് 3.19 ലക്ഷം പേർക്കു മാത്രമാണു റേഷൻ നൽകിയത്. ചൊവ്വയും ബുധനും നാല് ലക്ഷത്തോളം വീതം പേർക്കും. മാസത്തിലെ അവസാന ആഴ്ചകളിൽ ഇതിന്റെ ഇരട്ടി കാർഡ് ഉടമകൾക്കു റേഷൻ നൽകാറുണ്ട്. ഈ മാസം ഇതുവരെ 61.3% കാർഡ് ഉടമകൾക്കാണ് റേഷൻ നൽകാനായത്. മൂന്നു ദിവസമാണു ബാക്കി. മാസത്തിന്റെ അവസാന ആഴ്ചയിൽ ഇ- പോസ് കേടാകുന്നതു വർഷങ്ങളായി തുടരുകയാണെങ്കിലും ഫലപ്രദമായ പോംവഴി കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ, ഐ.ടി വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല.

Advertisement
Advertisement