മഹാ തീർത്ഥാടനത്തിന് ഇന്ന് തുടക്കം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

Friday 30 December 2022 4:56 AM IST

തിരുവനന്തപുരം: മാനവ നവീകരണവും, സമൂഹ പുരോഗതിയും ലക്ഷ്യമാക്കി ശ്രീനാരായണ ഗുരുദേവൻ അനുമതി നൽകിയ 90-ാമത് ശിവഗിരി മഹാ തീർത്ഥാടനത്തിന് ഇന്ന് തുടക്കം. അറിവിന്റെ ആഴങ്ങൾ തേടിയുള്ള മഹാ തീർത്ഥാടനത്തിന്റെ നവതിയും, ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയും, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദിയും സംഗമിക്കുന്നതാണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിന്റെ മാറ്റ് കൂട്ടുന്നത്.

രാവിലെ 7.30 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. 9.30 ന് നടക്കുന്ന സമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. വിദേശ-പാർലമെന്ററി കാര്യ സഹ മന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയാവും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.ബാബു, പ്രവാസി സമ്മാൻ പുരസ്കാര ജേതാവും ക്യൂ.ഇ.എൽ ആൻഡ് ഒ.പി.സി.സി ഹോൾഡിംഗ്സ് ചെയർമാനുമായ കെ.ജി.ബാബുരാജ്, ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, യോഗനാദം ന്യൂസ് ചെയർമാൻ സൗത്ത് ഇന്ത്യൻ ആർ. വിനോദ് തുടങ്ങിയവർ പ്രസംഗിക്കും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറയും.

11 ന് നടക്കുന്ന വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഐ.എം.ജി ഡയറക്ടർ ഡോ . കെ. ജയകുമാർ, വി എസ് .എസ് .സി ഡയറക്ടർ ഡോ . ഉണ്ണികൃഷ്ണൻ നായർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, വൈസ് ചാൻസലർമാരായ ഡോ. സാബു തോമസ്, ഡോ.കെ.എൻ മധുസൂദനൻ, കെൽട്രോൺ സി. എം. ഡി എൻ.നാരായണമൂർത്തി, തുടങ്ങിയവർ പ്രഭാഷണം നടത്തും.

വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ഇന്നലെ വൈകിട്ടോടെ ശിവഗിരിയിൽ എത്തിച്ചേർന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം സർവ വിധ മഹിമയോടെയും നടക്കുന്നത്. ഗുരുദേവ ഭക്തരുടെ അഭൂതപൂർവ്വമായ ഒഴുക്കാണ് ശിവഗിരിയിലേക്ക് .

Advertisement
Advertisement