കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷൻ വീട്ടിൽ തന്നെ
തിരുവനന്തപുരം:വൈദ്യുതി വാഹനങ്ങൾ കൂടുന്നത് കണക്കിലെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും ആധുനിക ചാർജിംഗ് സ്റ്റേഷൻ നിർമ്മിച്ചു കൊടുക്കാൻ കെ.എസ്.ഇ.ബി. ബോർഡിന്റെ ഈ മേഖലയിലെ സാങ്കേതിക വൈദഗ്ദ്ധ്യം സമൂഹത്തിന് പ്രയോജനപ്പെടുത്താൻ ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡാണ് തീരുമാനിച്ചത്.
സിംഗിൾ ഫേസ് കണക്‌ഷനുകൾ ഉള്ള വീടുകളിൽ ചാജിംഗ് സ്റ്റേഷന് ചെറിയൊരു ട്രാൻസ്‌ഫോർമറും ആവശ്യമായി വരും. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് പാർക്കിംഗ് സ്ഥലത്ത് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ പവർ എക്സ്റ്റൻഷനും വേണ്ടി വരും. ഇതെല്ലാം കെ.എസ്.ഇ.ബി.തന്നെ ചെയ്‌തു തരും. ഉപകരണങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കും. ഏറ്റവും പുതിയ സംവിധാനങ്ങളും മികച്ച ഡിസൈനും നൽകും. ചാർജ് ചെയ്യാനുള്ള സോഫ്റ്റ്‌വെയർ നിലവിൽ ഇലക്ട്രിക് വാഹന കമ്പനികൾ നൽകുന്നുണ്ട്. ആവശ്യമുള്ളവർക്ക് കെ. എസ്. ഇ. ബി സ്വന്തം സോഫ്റ്റ്‌വെയർ ആയ KEMapp നൽകും. സ്റ്റേഷനുകൾ എസ്റ്റിമേറ്റ് അനുസരിച്ച് ഡെപ്പോസിറ്റ് വർക്ക് അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. കൂടുതൽ സാങ്കേതിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വീടുകളുടെ ഡിസൈനിന് അനുയോജ്യമായ മേൽക്കൂരയും റൂഫ് ടോപ്പ് സോളാർ നിലയവും ചെയ്തു നൽകാനും പദ്ധതിയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിച്ച വൈദ്യുതി ബോർഡ് കെ.എസ്.ഇ.ബിയാണ്.
ചെയ്യേണ്ടത് ഇത്ര മാത്രം
പട്ടത്തെ വൈദ്യുതി ബോർഡ് ആസ്ഥാനത്തെ റീസ് സെക്‌ഷനിൽ ചീഫ് എൻജിനിയറെ ബന്ധപ്പെടണം. ലാൻഡ് ഫോൺ നമ്പറുകൾ 0471- 2447404, 2514698, 2514562, 2514462. ഇ.മെയിൽ- cerees@kseb.in. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ച് എസ്റ്റിമേറ്റ് തുക പറയും. സമ്മതമെങ്കിൽ കെ.എസ്.ഇ.ബി.യുടെ മേൽനോട്ടത്തിൽ അവർ എംപാനൽ ചെയ്ത വിദഗ്ദ്ധ സ്ഥാപനങ്ങൾ നിർമ്മാണം നടത്തും.