വ്യവസായ സംരംഭങ്ങൾക്ക് സ്ഥലം അനുവദിക്കാൻ ഏകീകൃത നിയമം , പട്ടികജാതി/വർഗ സംരംഭങ്ങൾക്ക് സബ്സിഡി , ബിൽ കാബിനറ്റിന്റെ അംഗീകാരത്തിന്

Friday 30 December 2022 2:22 AM IST

തിരുവനന്തപുരം: വ്യാവസായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പുത്തൻ സംരംഭങ്ങൾക്ക് വ്യവസായ പാർക്കുകളിൽ വേഗത്തിൽ സ്ഥലമോ കെട്ടിടമോ അനുവദിക്കാൻ ഏകീകൃത നിയമത്തിന്റെ കരട് തയ്യാറാവുന്നു. നിലവിൽ ഓരോ ഏജൻസിക്കും ഓരോ നിയമവ്യവസ്ഥയാണുള്ളത്. കാബിനറ്റിന്റെ അംഗീകാരം കിട്ടിയാൽ അടുത്ത നിയമസഭാസമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് വ്യവസായ വകുപ്പിന്റെ നീക്കം.

പട്ടികജാതി/ വർഗ, വനിതാസംരംഭകർക്കും ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്കും സ്ഥലത്തിനോ കെട്ടിടത്തിനോ സബ്സിഡി അനുവദിക്കുന്നതും പരിഗണനയിലുണ്ട്. വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സിഡ്കോ, ജില്ലാവ്യവസായ കേന്ദ്രം (ഡി.ഐ.സി) എന്നീ ഏജൻസികളുടെ സ്ഥലമോ കെട്ടിടമോ ആണ് വിട്ടുനൽകുക. കമ്പനികൾ, സംയുക്തസംരംഭങ്ങൾ, സംഘങ്ങൾ, സ്വകാര്യ വ്യക്തികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് (എൽ.എൽ.പി) തുടങ്ങിയ വിഭാഗങ്ങളിലെ സംരംഭങ്ങളാണ് പരിഗണിക്കുക.

സ്ഥലം പാട്ടവ്യവസ്ഥയിൽ

ആദ്യ ഘട്ടത്തിൽ 60 വർഷത്തേക്ക്. വീണ്ടും അപേക്ഷിച്ചാൽ 30 വർഷത്തേക്ക് നീട്ടിനൽകും. സ്ഥലം നൽകുന്ന ഏജൻസിയുടേതായിരിക്കും അന്തിമ തീരുമാനം.

കെട്ടിടം

എസ്.ഡി.എഫ്.ബി (സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ബിൽഡിംഗ്) മാനദണ്ഡപ്രകാരം വ്യവസായ വകുപ്പ് ഏജൻസിയോ ഡെവലപ്പറോ (സ്ഥലം ഏറ്റെടുത്ത് കെട്ടിടത്തിന്റെ ഘടന നിർമ്മിക്കുന്ന ആൾ) നിശ്ചിത ഘടനയിലുള്ള കെട്ടിടം നിർമ്മിച്ച് നൽകും. ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ) വ്യവസ്ഥയിൽ 30 വർഷത്തേക്ക്.

 വില നിശ്ചയിക്കൽ

ഭൂമിയുടെ അടിസ്ഥാനവിലയും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുള്ള ചെലവും ചേർത്തായിരിക്കും സംരംഭകർക്ക് അനുവദിക്കുന്ന സ്ഥലത്തിന്റെയോ കെട്ടിടത്തിന്റെയോ വില.

 പണം നൽകേണ്ടത്

സ്ഥലം/ കെട്ടിടം അനുവദിച്ച് കത്ത് നൽകിയാൽ 30 ദിവസത്തിനകം മുഴുവൻ തുകയും അടയ്ക്കാം. അല്ലെങ്കിൽ 10 ശതമാനം തുക ആദ്യം. 30 ദിവസത്തിനകം 50 ശതമാനം കൂടി. ബാക്കി 40 ശതമാനം തുക രണ്ടു വർഷത്തിനകം രണ്ട് ഗഡുക്കളായി 9 ശതമാനം പലിശ സഹിതം.

 വൈകിച്ചാൽ ഉദ്യോഗസ്ഥൻ കുടുങ്ങും

സംരംഭങ്ങൾക്കുള്ള അപേക്ഷാ ഫീസ് 10,000 രൂപ. വ്യവസായ പാർക്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അപേക്ഷ പരിശോധിച്ച് ഡിലാക്കിന് (ഡിസ്ട്രിക്റ്റ് ലാൻഡ് അലോട്ട്മെന്റ് കമ്മിറ്റി) കൈമാറും. വിശദപരിശോധനയ്ക്ക് ശേഷം 30 ദിവസത്തിനുള്ളിൽ അലോട്ട്മെന്റ് കത്ത് കൊടുക്കണം. അല്ലാത്ത പക്ഷം സ്ഥലം അനുവദിച്ചതായി ഉടമയ്ക്ക് കണക്കാക്കാം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയും വരും. അനുമതി നിഷേധിച്ചാൽ സിലാക്കിൽ (സ്റ്റേറ്റ് ലാൻഡ് അലോട്ട്മെന്റ് കമ്മിറ്റി) അപ്പീൽ നൽകാം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതിന്റെ ചെയർമാൻ.

Advertisement
Advertisement