മോക്ഡ്രിൽ സംഘടിപ്പിച്ചതിൽ ഗുരുതര വീഴ്ച, രക്ഷാപ്രവർത്തനങ്ങൾക്കുള്ള ബോട്ട് പ്രവർത്തനരഹിതം; ബിനുവിനെ രക്ഷിക്കാൻ തക്കസമയത്ത് ഇടപെടലുണ്ടായില്ലെന്ന് നാട്ടുകാർ

Friday 30 December 2022 7:47 AM IST

പത്തനംതിട്ട: ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. രക്ഷാപ്രവർത്തനങ്ങൾക്കുള്ള ബോട്ട് പ്രവർത്തനരഹിതമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കയർ കെട്ടിവലിച്ചാണ് ഫയർഫോഴ്സിന്റെ മോട്ടോർ ബോട്ട് കരയ്‌ക്കെത്തിച്ചത്.

അപകടത്തിൽ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ (34)​ ആണ് മരിച്ചത്. യുവാവിനെ രക്ഷിക്കാൻ തക്കസമയത്ത് ഇടപെടലുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എൻഡിആർഎഫും ഫയർഫോഴ്സും സ്ഥലത്തുണ്ടായിട്ടും യുവാവിനെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കാൻ അരമണിക്കൂറോളം വേണ്ടിവന്നു.

പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള മോക്ഡ്രില്ലിനിടെ വെണ്ണിക്കുളം കോമളം പാലത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്. സന്നദ്ധ പ്രവർത്തകനായ ബിനു വെള്ളത്തിൽ രക്ഷാപ്രവർത്തനം അനുകരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മുങ്ങിപ്പോവുകയുമായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.