ജിംനേഷ്യത്തിനായി ഇനിയും കാത്തിരിക്കണം
ഒറ്റപ്പാലം: കായിക വകുപ്പ് ഒറ്റപ്പാലത്ത് ആരംഭിക്കാനിരിക്കുന്ന ജിംനേഷ്യം യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണം. കരാറുകാരനെ മാറ്റേണ്ടിവന്നതാണ് നിലവിൽ പദ്ധതി താളെതെറ്റാൻ കാരണം. അനാരോഗ്യമാണ് കരാറുകാരനെ മാറ്റുന്നതിന്റെ കാരണമായി അധികൃതർ പറയുന്നത്. സംസ്ഥാനത്ത് കായിക വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ജിംനേഷ്യമാണ് ഒറ്റപ്പാലത്ത് ഒരുങ്ങുന്നത്.
കായികവകുപ്പിന്റെ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വകുപ്പ് നേരിട്ടാണ് നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകുക. ശേഷം ജിംനേഷ്യത്തിന്റെ നടത്തിപ്പും കൈകാര്യം ചെയ്യുന്നതും വകുപ്പ് തന്നൊണ്. ജൂലായ് 30ന് ഉദ്ഘാടനം കഴിഞ്ഞ് നിർമ്മാണം തുടങ്ങിയപ്പോഴാണ് കരാറുകാരന് അനാരോഗ്യംമൂലം പണി പൂർത്തീകരിക്കാനാകാത്ത സ്ഥിതിവന്നത്. ഇതോടെ അഞ്ചുമാസക്കാലം നിർമ്മാണം നീണ്ടുപോയി. ഇതോടെ കരാറുകാരനെ മാറ്റി പുതിയ ദർഘാസ് പുറത്തിറക്കി. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തിട്ടുണ്ടെന്നും മൂന്നുമാസത്തിനകം പണി പൂർത്തിയാക്കുമെന്നും ഒറ്റപ്പാലം നഗരസഭാധികൃതർ അറിയിച്ചു.
ഒറ്റപ്പാലം നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിലെ 2,500 ചതുരശ്രയടിയിലാണ് ജിംനേഷ്യം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നേരത്തേ കെ.എസ്.ഇ.ബി ഒറ്റപ്പാലം സെക്ഷൻ ഓഫീസ് പ്രവർത്തിച്ച മുറികളാണ് ജിംനേഷ്യത്തിന് നൽകിയിട്ടുള്ളത്.
തിരുവനന്തപുരത്തെ ജിമ്മി ജോർജ് ജിംനേഷ്യമാണ് കായികവകുപ്പിന്റെ ഏറ്റവുംവലിയ ജിംനേഷ്യം. അതേ മാതൃകയിലാണ് ഒറ്റപ്പാലത്തും വ്യായാമംചെയ്യാൻ ആധുനിക സൗകര്യമൊരുക്കുന്നത്. പൂർണമായും ശീതീകരിച്ച് ഫീസ് അടയ്ക്കലും മറ്റും ഓൺലൈനായി നിർവഹിക്കാൻ പറ്റുന്ന ആധുനിക രീതിയിലുള്ള ജിമ്മാണ് പദ്ധതിയിൽ.
സ്ത്രീകൾക്കായി പ്രത്യേകവിഭാഗം, വാം അപ്പ് ഏരിയ, ആധുനിക വ്യായാമ യന്ത്രങ്ങൾ, ശൗചാലങ്ങൾ, അകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും വിരലടയാളം രേഖപ്പെടുത്തിയുള്ള സംവിധാനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും.