അധഃസ്ഥിതരെ ശാന്തിക്കാരാക്കിയത് വിപ്ളവകരമായ നടപടി: സ്വാമി സച്ചിദാനന്ദ

Sunday 01 January 2023 12:55 AM IST

ശിവഗിരി: അധഃസ്ഥിതരെയും പിന്നാക്കവിഭാഗങ്ങളെയും ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി നിയമിക്കാൻ പിണറായി സർക്കാർ കൈക്കൊണ്ട തീരുമാനം ഏറെ ആർജ്ജവമുള്ളതായിരുന്നുവെന്നും അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഉണ്ടായ ഏറ്റവും വിപ്ളവകരമായ നടപടിയാണിതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.

90-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ പ്രസ്ഥാനങ്ങളോട് ഏറെ മമത കാട്ടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ച അവസരത്തിൽ ശ്രീനാരായണ ഗുരുദേവനും സി.വി. കുഞ്ഞിരാമനുമായുള്ള സംഭാഷണത്തെക്കുറിച്ച് അദ്ദേഹത്തോട് പരാമർശിച്ചു. ഏറെ താത്പര്യത്തോടെയാണ് ഗുരുവിന്റെ ഭാഷണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ശ്രവിച്ചത്. മാനവമതം എന്നതായിരുന്നു ഗുരുദേവന്റെ ഏറ്റവും വലിയ ദർശനം. മനുഷ്യഐക്യം ലക്ഷ്യമിട്ടാണ് ഗുരുദേവൻ ആലുവയിൽ സർവമത സമ്മേളനം വിളിച്ചു ചേർത്തത്. ബുദ്ധിയെയും ജീവിതത്തെയും ഒന്നിനും പണയം വയ്ക്കാതെ മുന്നോട്ടു പോകാനാണ് ഗുരു ഉപദേശിച്ചതെന്നും സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.