മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ആത്മപ്രതിജ്ഞയായി തീർത്ഥാടന സന്ദേശം

Sunday 01 January 2023 12:34 AM IST

ശിവഗിരി: അക്കാഡമിക്ക് വിദ്യാഭ്യാസം മാത്രം നൽകിയാൽ പോരെന്നും ധാർമ്മികമായ, ആദർശനിഷ്ഠമായ ജീവിതശൈലി പുതിയ തലമുറയെ പഠിപ്പിക്കണമെന്നും മദ്യത്തിനും മയക്കുമരുന്നിനും കുട്ടികൾ വിധേയരാകാതിരിക്കാൻ ഗുരുദർശനത്തെ മുറുകെ പിടിക്കണമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകിയ തീർത്ഥാടനസന്ദേശത്തിൽ പറഞ്ഞു.

ആലുവ സർവ്വമതസമ്മേളനം,കുമാരനാശാന്റെ പരിനിർവ്വാണം,വൈക്കം സത്യാഗ്രഹം,ചട്ടമ്പിസ്വാമി മഹാസമാധി,നാരായണഗുരുകുലങ്ങളുടെ സംസ്ഥാപനം എന്നിവയുടെ ശതാബ്ദിവർഷമാണ് 2023.ശ്രീനാരായണ ഗുരുദേവ ഭക്തർ ഈ പുണ്യമിയന്ന ദിനങ്ങളുടെ ശതാബ്ദി പ്രാധാന്യത്തോടെ കൊണ്ടാടാനും ജീവിതത്തെ ഗുരുത്വപൂർണ്ണമാക്കാനും ശ്രദ്ധിക്കണം.

ഇൗവർഷത്തെ തീർത്ഥാടനം ഗുരുവിലേക്ക് മടങ്ങാനുള്ള പ്രേരണയാകണം. ശ്രീനാരായണഗുരു ദേവി,ദേവ ഭക്തനാണെന്ന ധാരണയുള്ളവർ അത് തിരുത്തണം. ബ്രഹ്മപ്രതീകമായാണ് ഗുരു പ്രതിഷ്ഠകൾ നടത്തുകയും സ്തോത്രങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ളത്. അതിനാൽ പരബ്രഹ്മമൂർത്തിയായി ഗുരുവിനെ ദർശിക്കാനും സമാരാധന നടത്താനും സാധിക്കണം.അതിന് ഗുരു രചിച്ച എഴുപതോളം കൃതികളും എഴുപത്തിമൂന്ന് വർഷത്തെ ജീവിതവും ചേർത്തുവച്ച് വായിക്കണം. ശിവഗിരി തീർത്ഥാടനത്തിൽ എത്തുന്ന ഒാരോ വ്യക്തിയും ഇൗ തത്വത്തെ ഉള്ളിൽ ഉറപ്പിക്കണം. ശ്രീനാരായണ ഉപാസന ജീവിതധർമ്മമാകണം. ബുദ്ധിയിൽ ഗുരുവിന്റെ ജാതിമത ചിന്തകൾക്ക് അതീതമായ ഏകലോകദർശനം നിറഞ്ഞിരിക്കണം.ഹൃദയത്തിൽ ഗുരുദർശനം പ്രകാശിക്കണം. മാതാപിതാക്കൾ മക്കളെയും കൊച്ചുമക്കളെയും ഗുരുവിന്റെ പാതയിലേക്ക് നയിക്കണമെന്നും സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.