ഉത്സവഛായയിൽ ബിനാലെ വേദികൾ, കലാസ്വാദനത്തിന് പ്രമുഖരുടെ നിര

Sunday 01 January 2023 12:49 AM IST
ദിലീഷ് പോത്തൻ ബിനാലേ വേദിയിൽ

കൊച്ചി: പുതുവത്സരദിന തലേന്ന് കൊച്ചി മുസിരിസ് ബിനാലെ വേദികളിലേക്ക് ജനപ്രവാഹം. കൊച്ചിൻ കാർണിവൽ വേളയിൽ അക്ഷരാർത്ഥത്തിൽ ഉത്സവഛായയിലായി കലാവേദികൾ. വിദേശികളടക്കം കലാവതരണങ്ങൾ ആസ്വദിക്കാനെത്തി.

മുപ്പതിനായിരത്തോളം പേരാണ് ഒരാഴ്ചയ്ക്കിടെ ബിനാലെയ്‌ക്കെത്തിയത്. കഴിഞ്ഞ ദിവസം മാത്രം 4740 പേർ സന്ദർശിച്ചു. സാധാരണക്കാർക്ക് പുത്തൻ അവബോധം പകരുന്നതാണ് ബിനാലെയിലെ കലാവതരണങ്ങളെന്ന് പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനുമായ സുനീത് ചോപ്ര പറഞ്ഞു.

ബെംഗളൂരു ഇന്ത്യൻ മ്യൂസിക് എക്‌സ്പീരിയൻസ് മ്യൂസിയം ക്യൂറേറ്റോറിയൽ വിഭാഗം മേധാവി സഹാന മോഹൻ, എഴുത്തുകാരിയും ടോറന്റോ സർവകലാശായിലെ അസോസിയേറ്റ് പ്രൊഫസർ കജ്‌രി ജെയിൻ, ചലച്ചിത്രകാരൻ ദിലീഷ് പോത്തൻ, ആൾ ഇന്ത്യാ ഇമാം ഓർഗനൈസേഷൻ ചീഫ് ഡോ. ഉമർ അഹമ്മദ് ഇല്ല്യാസി, രാമേശ്വരം അസിസ്റ്റന്റ് കലക്ടർ നാരായണ ശർമ്മ, നടൻ സാജൻ പള്ളുരുത്തി എന്നിവരും ബിനാലെ ആസ്വദിക്കാനെത്തി.


വാസ്തുവിദ്യാ, ചിത്രരചന, ശില്പകല തുടങ്ങിയ കേരളീയ ആവിഷ്‌കാരങ്ങൾക്ക് കൂടുതൽ ലോകശ്രദ്ധ ലഭിക്കാൻ ബിനാലെ ഇടയാക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് പറഞ്ഞു. ചീഫ് സെക്രട്ടറിയെയും ഭാര്യ ഷീജ ജോയിയെയും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു.

Advertisement
Advertisement