കൊച്ചി ഹാർബർ നവീകരണത്തിന് 120 കോടി

Sunday 01 January 2023 12:01 AM IST

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിൽ കൊച്ചി ഫിഷിംഗ് ഹാർബർ നവീകരണത്തിന് 120 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. കൊച്ചിയിൽ സിഫ്‌നെറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മൂന്നിന് മന്ത്രി കൊച്ചിയിലെ ഫിഷിംഗ് ഹാർബർ സന്ദർശിക്കും.

മത്സ്യമേഖലയിൽ വിദഗ്ദ്ധ തൊഴിലാളികളെയാണ് രാജ്യത്തിന് ആവശ്യം. ഇതിലേക്കായി സംസ്ഥാന സർക്കാരും നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡും പരിശീലനം നൽകുന്നുണ്ട്.

സമുദ്രോത്പന്ന കയറ്റുമതിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അക്വാകൾച്ചർ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തും.

ഫിഷിംഗ് ഹാർബറുകളുടെയും ലാൻഡിംഗ് സെന്ററുകളുടെയും വികസനത്തിന് സംസ്ഥാനങ്ങൾക്ക് 7500 കോടി രൂപയുടെ ധനസഹായം ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് നൽകി.

രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന സമൂഹ മാദ്ധ്യമ നിയന്ത്രണ വിഷയത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു. ആറ് മാസത്തിനിടെ ഏകദേശം 300 യൂട്യൂബ് ചാനലുകൾ, ഫേസ്ബുക്ക് അക്കൗണ്ടുകൾ മുതലായവ ബ്ലോക്ക് ചെയ്തതായും മന്ത്രി അറിയിച്ചു. ഡയറക്ടർ എ. കെ. ചൗധരിയും ചർച്ചകളിൽ പങ്കെടുത്തു.നാളെ മന്ത്രി കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ സന്ദർശിക്കും.