സമൂഹത്തിന്റെ ഉണർവിനായി തീർത്ഥാടനത്തെ വിനിയോഗിക്കണം:  അടൂർ പ്രകാശ് എം.പി

Saturday 31 December 2022 11:14 PM IST

ശിവഗിരി: അറിവ് പങ്കിടാനാണ് ഗുരുദേവൻ തീർത്ഥാടനം വിഭാവനം ചെയ്തതെന്നും സമൂഹത്തിന്റെ പുതിയ ഉണർവിനു വേണ്ടിയുള്ള അവസരമാക്കി തീർത്ഥാടനത്തെ മാറ്റണമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറിവ് നേടിയെങ്കിൽ മാത്രമേ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനാകൂ. കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾ ഗുരുദർശനത്തിലൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദർശനം ജീവിതത്തിൽ

പകർത്തണം: ചെന്നിത്തല

മനുഷ്യരെല്ലാം ഏക ജാതി എന്നതാണ് ഗുരുദേവന്റെ ദർശനമെന്നും ഗുരുദേവൻ അരുളിയ അഷ്ടലക്ഷ്യങ്ങൾ സ്വായത്തമാക്കാനുള്ള തീർത്ഥാടനം ഇന്ന് ലോകശ്രദ്ധ നേടിയിരിക്കുന്നതായും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. പരസ്‌പരമുള്ള വെറുപ്പിന്റെ അന്തരീക്ഷമാണ് ഇപ്പോൾ എങ്ങും കാണുന്നത്. ആ അന്തരീക്ഷം മാറിയാൽ മാത്രമേ പരസ്‌പര വിശ്വാസം പുലരൂ. അതിനായി ഗുരു ദർശനങ്ങൾ ജീവിതത്തിൽ ഓരോരുത്തരും പകർത്തണമെന്നും അദ്ദേഹം പറഞ്ഞു.

വി.ജോയി എം.എൽ.എ

ജാതിക്കെതിരെയുള്ള പോരാട്ടമായിരുന്നു ഗുരു തന്റെ ജീവിതത്തിലുടനീളം നടത്തിയതെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. മുഹമ്മദ് നബിയെ മുത്തുരത്നമെന്നും ക്രിസ്തുവിനെ പരമേശ പവിത്ര പുത്രൻ എന്നും സംബോധനചെയ്യാൻ ഗുരുദേവനല്ലാതെ മറ്റൊരു സന്യാസിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്യൂസ് വർഗീസ്

പ്രപഞ്ചത്തെക്കുറിച്ച് ഇത്രയേറെ ചിന്തിച്ച മറ്റൊരു ദാർശനികൻ ഗുരുദേവനല്ലാതെ വേറെയില്ലെന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് പറഞ്ഞു. ശിവഗിരിയിലെത്തുന്ന ഓരോ തീർത്ഥാടകനും ഗുരുവിനെ നേരിട്ടുകാണുന്ന അനുഭവമാണ് ലഭിക്കുന്നത്. അഞ്ചുപേരിൽ തുടങ്ങിയ തീർത്ഥാടനം ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു,

മുരളിയ കെ. മുരളീധരൻ

ശത്രുപക്ഷമി​ല്ലാതെ മിത്രപക്ഷമായി മാത്രം ജീവിച്ച മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു. ജീവിതത്തിൽ ഗുരു അനുവർത്തിച്ച അത്തരം ഹൃദയ വിശാലതയാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടതെന്നും അതിനായി ഈ തീർത്ഥാടന കാലയളവ് വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. ലാജി

ഗുരുദർശനത്തിലൂന്നി ഓരോ മനുഷ്യനും ശാസ്ത്രസാങ്കേതിക വളർച്ചയിലൂടെ മുന്നേറാൻ ശ്രമിക്കണമെന്നും അറിവിന്റെ ഈ തീർത്ഥാടനത്തിൽ അതിനായി മനസ്സ് പാകപ്പെടുത്തണമെന്നും വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി പറഞ്ഞു.