പാടിയും പറഞ്ഞും ചിത്ര , ആനന്ദ ലഹരിയിൽ സദസ്

Saturday 31 December 2022 11:16 PM IST

ശിവഗിരി : മലയാളത്തിന്റെ ഗാനകോകിലം കൺമുന്നിൽ നിന്ന് പ്രിയപ്പെട്ട ഗാനങ്ങൾ ഒന്നൊന്നായി ആലപിച്ചപ്പോൾ തിങ്ങിക്കൂടിയ സദസും ആഹ്ളാദത്തിലായി. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നടന്ന കലാപരിപാടികളുടെ ഉദ്ഘാടകയായി എത്തിയ ഗായിക കെ.എസ്.ചിത്ര സംഗീത രസം സമ്മാനിച്ചു. വേദിയിൽ ഒപ്പമുണ്ടായിരുന്ന സന്യാസി ശ്രേഷ്ഠരും സദസും ആവശ്യപ്പെട്ട ഗാനങ്ങൾ ആലപിക്കാനും ചിത്ര തയ്യാറായപ്പോൾ പരിപാടി കൂടുതൽ ആവേശകരമായി.

ഒരുജാതി ഒരു മതം ഒരു ദൈവം മനുഷന് എന്ന് തുടങ്ങുന്ന ശ്രീനാരായണഗുരുദേവന്റെ വരികൾ ആലപിച്ചാണ് ചിത്ര സംഗീത വിരുന്നിന് തുടക്കം കുറിച്ചത്. ചിത്രയ്ക്ക് അവാർഡ് നേടിക്കൊടുത്ത മഞ്ഞൾ പ്രസാദവും നെറ്രിയിൽ ചാർത്തി എന്ന ഗാനവും ഏറെ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്. കാർമുകിൽ വർണ്ണന്റെ കണ്ണിൽ, ചന്ദനമുകിലേ, പാടറിയേ പഠിപ്പറിയേ എന്ന തമിഴ് ഗാനവും പാടിയപ്പോൾ ഇഷ്ടപ്പെട്ട പാട്ടുകൾ പാടണമെന്ന് സദസിൽ നിന്ന് ആവശ്യവും കൂടി. ചിത്രയ്ക്ക് പിന്തുണയുമായി പാട്ടുകാരി കൂടിയായ പാലക്കാട് എം.പി രമ്യഹരിദാസും സജീവമായി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശങ്കരാനന്ദ, ഗോകുലം ഗോപാലൻ, കെ.ജി.ബാബുരാജ്, സംവിധായകൻ വിനയൻ തുടങ്ങിയവർ സംസാരിച്ചു. വിശിഷ്ട ഗായികയ്ക്ക് കെ.ജി.ബാബുരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശിവഗിരി പുരസ്കാരം സ്വാമി സച്ചിദാനന്ദ കെ.എസ്.ചിത്രയ്ക്ക് സമ്മാനിച്ചു.