കരയടുത്ത് പൂക്കൈതക്കടവ് പാലം നിർമ്മാണം
പൊന്നാനി: പുതുപൊന്നാനി പൂക്കൈത പുഴയ്ക്ക് കുറുകെ പൊന്നാനി കടവനാടിനെയും വെളിയങ്കോട് ഗ്രാമപഞ്ചായത്തിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനായി നിർമ്മിക്കുന്ന പൂക്കൈതക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഏറ്റെടുക്കേണ്ട സ്ഥലത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവ്വേ നടക്കും. നഷ്ടപരിഹാര തുക നൽകിയ ശേഷമാവും ഭൂമി ഏറ്റെടുക്കുക. കടവനാട് മേഖലയിൽ രണ്ട് വീടുകൾ ഉൾപ്പെടെ പൂർണ്ണമായും ഏറ്റെടുക്കേണ്ടി വരും. കടവനാട് പള്ളി വരെയും വെളിയങ്കോട് പൂക്കൈത മദ്രസ വരെയും അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടതുണ്ട്. 232 മീറ്റർ നീളത്തിലും 17 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. ഒന്നര മീറ്റർ നടപ്പാതയുമുണ്ടാകും. പൊന്നാനി കടവനാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ മുതൽ പൂക്കൈതക്കടവ് വരെ അര കിലോമീറ്ററോളം ദൂരത്തും വെളിയങ്കോട് താവളക്കുളം മുതൽ പൂക്കൈതക്കടവ് വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരപരിധിയിലുമായാണ് അനുബന്ധ റോഡ് നിർമ്മിക്കുന്നത്.