മദ്ധ്യകേരളത്തിന് പുതുവർഷ സമ്മാനം,​ ശബരിമല എയർപോർട്ടിന് 2,570 ഏക്കർ ഏറ്റെടുക്കും

Sunday 01 January 2023 12:31 AM IST

കോട്ടയം : ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് അടക്കം എരുമേലി സൗത്ത്,​ മണിമല വില്ലേജുകളിലായി 2,570 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പ്രവാസികളേറെയുള്ള മദ്ധ്യകേരളത്തിന് പുതുവർഷ സമ്മാനമായി. തീർത്ഥാടന-ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മൂന്നു വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കാം. കൊച്ചി,​ കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വിമാനത്താവളത്തിന് ആദ്യം ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി മാത്രമാണ് നിശ്ചയിച്ചിരുന്നത്. അനുബന്ധ പ്രവർത്തനങ്ങൾക്കാണ് പുറത്തുള്ള 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 19,​ 21,​ 22,​ 23 ബ്ളോക്കുകളിലെ സ്ഥലമാണ് ഏറ്റെടുക്കുക. ​ 2263.18 ഏക്കർവരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചർച്ചുമായി പാലാ സബ് കോടതിയിലുള്ള കേസിന്റെ വിധി നിർണ്ണായകമാണെങ്കിലും ഭൂമിയുടെയും മരങ്ങളുടെയും കെട്ടിടങ്ങളുടെയും പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാം.

 നടപടികൾ

സിയാൽ,​ കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം. തുടർന്ന് നിക്ഷേപ സമാഹരണം. ടെൻഡർ വിളിച്ച് നിർമ്മാണം.

നേട്ടങ്ങൾ

. ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല

. സമീപം 2 ദേശീയ പാതകൾ, 5 പൊതുമരാമത്ത് പാതകൾ

. റബർമരങ്ങൾ മാത്രം മുറിച്ച് മാറ്റിയാൽ മതി

 പ്രയോജനം

ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്ക് യാത്ര എളുപ്പം. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവർക്കും സൗകര്യം. തീർത്ഥാടന ടൂറിസത്തിനും സുഗന്ധ വ്യഞ്ജന കയറ്റുമതിക്കും സാദ്ധ്യത.

 ദൂരം

. പമ്പ : 45 കി.മീ

. കോട്ടയം : 58 കി.മീ

. പത്തനംതിട്ട : 40 കി.മീ

 3,500 മീറ്റർ റൺവേ

സംസ്ഥാനത്തെ ഏറ്റവും നീളമുള്ള റൺവേ

തൊട്ടടുത്ത എയർപോർട്ട്

തിരുവനന്തപുരം : 135 കി.മീ

നെടുമ്പാശ്ശേരി : 110 കി.മീ