ക്ഷേത്രക്കുളം സംയുക്ത സംഘം പരിശോധിക്കും
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മുതുവറ ക്ഷേത്രക്കുളത്തിലെ ജലം മലിനമായതും മത്സ്യങ്ങൾ ചത്ത് പൊങ്ങിയതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്താൻ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. ജനുവരി 4ന് ആരോഗ്യ വകുപ്പ്, എൻജിനിയറിംഗ്, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഉപസമിതിയായിരിക്കും പരിശോധന നടത്തുക.സമീപ പ്രദേശങ്ങളിലെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ നിന്ന് ഡ്രൈനേജിലേക്ക് മാലിന്യം തള്ളുന്നുണ്ടോ എന്നതടക്കം പരിശോധിക്കും. സർക്കാർ ഏജൻസിയിൽ നിന്ന് ജലപരിശോധന നടത്തിയപ്പോൾ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. സംയുക്ത പരിശോധനക്കുശേഷം തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ 14ാം വാർഡ് അംഗം കെ.ടി നാരായണനാണ് വിഷയം ഉന്നയിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സഇദ അദ്ധ്യക്ഷത വഹിച്ചു.